അദാനി ഗ്രൂപ്പ് ഓഹരികളുടെ തകർച്ച സെബി അന്വേഷിക്കുമോ; മൗനം തുടർന്ന് കേന്ദ്രസർക്കാർ

By Web TeamFirst Published Jan 28, 2023, 8:05 AM IST
Highlights

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബെർഗ് റിസേർച്ചിന്‍റെ കണ്ടെത്തലുകൾ വലിയ തോതിൽ ഇന്ത്യൻ വിപണിയെ ബാധിക്കുമ്പോഴും വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്.

ദില്ലി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബെർഗ് റിസേർച്ചിന്‍റെ കണ്ടെത്തലുകൾ വലിയ തോതിൽ ഇന്ത്യൻ വിപണിയെ ബാധിക്കുമ്പോഴും വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. കണ്ടെത്തലുകൾ സെക്യൂരിറ്റിസ് ആന്‍റ് എകസ്ചേ‌ഞ്ച് ബോർഡ് ഓഫ് ഇന്ത്യ പരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും ഈക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. വെളിപ്പെടുത്തലുകളില്‍ ഗൗരവതരമായ അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കുകയാണ്. മോദി സർക്കാരും അദാനിയും തമ്മിലുള്ള അടുപ്പമാണ് നിസ്സംഗതയ്ക്ക് പിന്നിലെ കാരണമെന്ന വിമർശനം ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ട വൻ തിരിച്ചടിയുടെ ഞെട്ടലിലാണ് ഇന്ത്യൻ വിപണി. നാലുലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ രണ്ടുദിവസം കൊണ്ട് അദാനി ഗ്രൂപ്പ് നേരിട്ടത്. ഇന്നും നാളെയും ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അവധിയാണ്. അദാനിക്കെതിരെ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട ക്രമക്കേടുകളെക്കുറിച്ച് സെബിയും പ്രാഥമിക വിവരങ്ങൾ തേടുന്നുണ്ട്. അദാനിക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ ഒന്നരവർഷം മുമ്പ് തന്നെ സെബി അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം ഹിൻഡൻബർഗ് റിസർച്ചിനെതിരെ അദാനി ഗ്രൂപ്പ് ഉടൻ നിയമ നടപടി തുടങ്ങിയേക്കും.

Also Read: അദാനിക്ക് ഉത്തരം മുട്ടിയ 88 ചോദ്യങ്ങൾ; ഹിൻഡൻബർഗ് ചോദിച്ച പ്രധാന ചോദ്യങ്ങൾ ഇവയാണ്

click me!