ഇത് വരെ കണ്ടത് ടീസർ, അടിച്ചു കയറി വരാൻ അദാനി; നിക്ഷേപിക്കുക ചില്ലറയല്ല, 1.3 ലക്ഷം കോടി

Published : Jun 25, 2024, 05:14 PM IST
ഇത് വരെ കണ്ടത് ടീസർ, അടിച്ചു കയറി വരാൻ അദാനി; നിക്ഷേപിക്കുക ചില്ലറയല്ല, 1.3 ലക്ഷം കോടി

Synopsis

 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 1.3 ലക്ഷം കോടി രൂപ രൂപയുടെ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി.

കൃത്യമായ ആസൂത്രണം, സൂക്ഷ്മമായ വിഭവ സമാഹരണം. അടുത്ത പത്ത് വർഷത്തേക്കുള്ള കർമ പദ്ധതി ഇപ്പോൾ തന്നെ സജ്ജം. പറഞ്ഞു വരുന്നത് അദാനി ഗ്രൂപ്പിനെ കുറിച്ചുതന്നെ.  2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 1.3 ലക്ഷം കോടി രൂപ രൂപയുടെ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി. തുറമുഖങ്ങൾ, ഊർജ ഉൽപാദനം , വിമാനത്താവളങ്ങൾ,  സിമൻറ്, മീഡിയ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ കമ്പനികളിലെ മൊത്തം നിക്ഷേപത്തിന്റെ 70 ശതമാനവും ആഭ്യന്തര സ്രോതസുകളിൽ നിന്നാണെന്നും ബാക്കി തുക കടങ്ങളിലൂടെ കണ്ടെത്തുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഈ വർഷം കാലാവധി തീരുന്ന 3-4 ബില്യൺ ഡോളർ കടം റീഫിനാൻസ് ചെയ്യാനും പദ്ധതികൾക്കായി  1 ബില്യൺ ഡോളർ കൂടി സമാഹരിക്കാനും ഗ്രൂപ്പ് ശ്രമിക്കും.  

പുനരുപയോഗ ഊർജ കമ്പനിയായ അദാനി ഗ്രീൻ ആറ്-ഏഴ് ഗിഗാവാട്ട് പദ്ധതി പൂർത്തിയാക്കും. 34,000 കോടി രൂപ അദാനി ഗ്രീൻ എനർജി ഗുജറാത്തിലെ ഖാവ്ദയിലെ പദ്ധതിക്കായി ചെലവഴിക്കും.  കൂടാതെ മുംബൈയിലെ പുതിയ വിമാനത്താവളത്തിന്റെ പണിയും പൂർത്തിയാക്കും. വരാനിരിക്കുന്ന നവി മുംബൈ വിമാനത്താവളം ഉൾപ്പെടെ എട്ട് വിമാനത്താവളങ്ങളോടെ  ഈ മേഖലകളിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി. 2026-ഓടെ എയർപോർട്ട് ബിസിനസിന്റെ പ്രാഥമിക ഓഹരി വിൽപന നടത്താനും അദാനി ആലോചിക്കുന്നുണ്ട്.

2024-25 സാമ്പത്തിക വർഷത്തിലെ  കണക്കാക്കിയ മൂലധന ചെലവ്   2023-24 സാമ്പത്തിക വർഷത്തിൽ   കണക്കാക്കിയ ചെലവിനേക്കാൾ 40 ശതമാനം കൂടുതലാണ്. അടുത്ത ഏഴ് മുതൽ പത്ത് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഗ്രൂപ്പ് നേരത്തെ കണക്കാക്കിയിരുന്നത്. ഈ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഗ്രൂപ്പിന്റെ അതിവേഗം വളരുന്ന  ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, എയർപോർട്ട്, അടിസ്ഥാന സൌകര്യവികസന മേഖലകളിലാണ് നടത്തുക.

2023-24 സാമ്പത്തിക വർഷത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ നികുതിക്ക് മുമ്പുള്ള ലാഭം   45 ശതമാനം വർധിച്ച് 82,917 കോടി രൂപയായി .

PREV
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം