തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്: ഒക്ടോബർ 14ന് ഏറ്റെടുക്കും, പാതി ജീവനക്കാരെ നിലനിർത്തും

By Web TeamFirst Published Sep 26, 2021, 1:02 PM IST
Highlights

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്തവാളം (Trivandrum International Airport) അദാനി ഗ്രൂപ്പ് (Adani Group) രണ്ടാഴ്ചക്കുള്ളില്‍ ഏറ്റെടുക്കും. ഒക്ടോബര്‍ 14ാം തീയതി മുതല്‍ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനായിരിക്കും. നിലവിലെ ജീവനക്കാരില്‍ പകുതിയോളം പേരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് (Airport Authority of India) കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലംമാറ്റും. മറ്റുള്ളവർ തിരുവനന്തപുരത്ത് തുടരും. അതേസമയം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരായ നിയമപോരാട്ടം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 19ന് ഇതു സംബന്ധിച്ച കരാറില്‍ അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിററി ഓഫ് ഇന്ത്യയും ഒപ്പുവച്ചിരുന്നു. കരാർ പ്രകാരം ആറ് മാസത്തിനകം വിമാനത്താവളം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍  സംസ്ഥാന സര്‍ക്കാരിന്‍റെ നിയമ നടപടിയും കോവിഡ് വ്യാപനവും ഏറ്റെടുക്കല്‍ വൈകാന്‍ കാരണമായി.

വിമാനത്താവളം അദാനിക്ക് നൽകുന്നതിനെതിരെ സംസ്ഥാന സര്‍ക്കാർ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍  നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടിയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. കൈമാറ്റം സ്ഥിരീകരിച്ചും പൂര്‍ണ സജ്ജമാകുന്നതുവരെ ആറുമാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്നും വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കി.

സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റിൽ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടില്ലെങ്കിലും തടസ്സമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. വിമാത്താവളത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന് ഇത് ബാധകമാകില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഇവരെ മൂന്ന് വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പ് ഡപ്യൂട്ടേഷനില്‍ ഏറ്റെടുക്കും. 60 ശതമാനം ജീവനക്കാരെ മാത്രം നിലനിര്‍ത്തും. ബാക്കിയുള്ള ജീവനക്കാര്‍ക്ക് എയര്‍പോര്‍ട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്റെയും വിമാനത്താവള ജീവനക്കാരുടെയും എതിര്‍പ്പിനൊപ്പം രാഷ്ട്രീയ സമ്മര്‍ദ്ദവും മറികടന്നാണ് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്. 

click me!