നീതികേട് കാട്ടില്ല, തീരുമാനവുമായി മുന്നോട്ട് തന്നെ: കേരളത്തോടടക്കം വാക്പോരിനില്ലെന്നും അമിത് ഷാ

By Web TeamFirst Published Sep 26, 2021, 11:35 AM IST
Highlights

നിയമപരമായ മറുപടി സംസ്ഥാനങ്ങളുടെ എതിർപ്പിനുണ്ടാകും. എന്നാൽ താൻ നേരിട്ട് ഒരു വാദപ്രതിവാദത്തിന് മുതിരുന്നില്ലെന്നും ദേശീയ സഹകരണ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു

ദില്ലി: രാജ്യത്ത് ഉടൻ പുതിയ സഹകരണ നയം (Cooperative policy) കൊണ്ടുവരുമെന്ന് കേന്ദ്ര സഹകരണ വകുപ്പ് (Ministry of Cooperation) മന്ത്രി അമിത് ഷാ (Amit Shah). സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവർത്തിച്ച് സഹകരണ ശൃംഖല ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ (Primary Agricultural Cooperative Societies) എണ്ണം മൂന്ന് ലക്ഷമായി ഉയർത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 65000ത്തോളം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളാണ് രാജ്യത്തുള്ളത്. ദില്ലിയിൽ രാജ്യത്തെ ആദ്യ ദേശീയ സഹകരണ സമ്മേളനത്തിൽ സംസാരിക്കുകയാായിരുന്നു അദ്ദേഹം. ഈ വർഷം ജൂലൈയിലാണ് കേന്ദ്രസർക്കാർ ആദ്യമായി കേന്ദ്ര സഹകരണ മന്ത്രാലയം തുടങ്ങിയത്.

ദില്ലിയിൽ ചേർന്ന സമ്മേളനത്തിൽ വിവിധ സഹകരണ സംഘങ്ങളെ പ്രതിനിധീകരിച്ച് 2100 പേർ നേരിട്ട് പങ്കെടുത്തു. ഓൺലൈനായി ആറ് കോടി പ്രതിനിധികൾ വേറെയുമുണ്ടായിരുന്നു. സഹകരണ മേഖല സംസ്ഥാനങ്ങളുടേതായിരിക്കെ എന്തിനാണ് കേന്ദ്രം ഇത്തരമൊരു മന്ത്രാലയം ഉണ്ടാക്കിയതെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ചോദിച്ചിരുന്നു. ഇതിനോട് വാദപ്രതിവാദത്തിന് ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

'സംസ്ഥാനങ്ങളുടെ വാദത്തിന് നിയമപരമായ മറുപടിയുണ്ടാകും. താൻ നേരിട്ട് ഒരു വാദപ്രതിവാദത്തിന് മുതിരുന്നില്ല'- അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് പറഞ്ഞ മന്ത്രി, സംസ്ഥാനങ്ങളുമായി തർക്കങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന നിലപാടും വ്യക്തമാക്കി.

'സഹകരണ മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. സഹകരണ വകുപ്പുണ്ടാക്കിയത് ഈ മേഖലയുടെ ആധുനിക വത്കരണവും ശാക്തീകരണവും ലക്ഷ്യമിട്ടാണ്,'-അദ്ദേഹം വ്യക്തമാക്കി. 2002 ൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി സഹകരണ വകുപ്പിൽ പുതിയൊരു നയം കൊണ്ടുവന്നിരുന്നു. ഇനി മോദി സർക്കാർ പുതിയ നയം യാഥാർത്ഥ്യമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

മുൻപെങ്ങുമില്ലാത്ത പ്രാധാന്യമാണ് ഇപ്പോൾ സഹകരണ മേഖലയ്ക്കുള്ളത്. സഹകാരികൾക്ക് രാജ്യത്തിന്റെ വികസനത്തിൽ ഒരുപാട് പങ്ക് വഹിക്കാനാവും. രാജ്യത്തെ അഞ്ച് ലക്ഷം കോടി ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കുന്നതിന്റെ ഭാഗമായുള്ള പരിശ്രമത്തിൽ സഹകാരികൾക്കും ഭാഗമാകാനുണ്ട്. നികുതിയടക്കമുള്ള വിഷയങ്ങളിൽ സഹകാരികളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുണ്ടെന്നും രാജ്യത്തെ സഹകാരികളോട് നീതികേട് കാട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

click me!