ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് 'അദാനി'; ഹൈഫ തുറമുഖത്തിന് പരിക്കുകളില്ല, പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക്

Published : Jun 16, 2025, 03:21 PM IST
Haifa port

Synopsis

അദാനിയുടെ തുറമുഖത്തെ ഈ ആക്രമണം ബാധിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗീഷന്ദർ റോബി സിംഗ്

റാൻ- ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യൻ വ്യവസായി ​ഗൗതം അദാനിയുടെ ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന് കേടുപാടുകൾ സംഭവിച്ചെന്ന വാർത്ത നിഷേധിച്ച് കമ്പനി. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഹൈഫ തുറമുഖത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ചരക്ക് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ പുരോഗമിക്കുന്നുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ശനിയാഴ്ച രാത്രി ഇറാൻ ഇസ്രായേലിനെ ആക്രമിച്ചിരുന്നു. ഇസ്രായേലിലെ ഹൈഫ തുറമുഖത്തെയും സമീപത്തുള്ള എണ്ണ ശുദ്ധീകരണശാലയെയും ഇറാൻ ലക്ഷ്യമിട്ടതായാണ് റിപ്പോർട്ട്.

എന്നാൽ, അദാനിയുടെ തുറമുഖത്തെ ഈ ആക്രമണം ബാധിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗീഷന്ദർ റോബി സിംഗ് സ്ഥിരീകരിച്ചു. തുറമുഖത്തെ കെമിക്കൽ ടെർമിനലിൽ സ്ഫോടക വസ്തുക്കളുടെ ഭാ​ഗങ്ങൾ വന്നു വീണെന്നും എന്നാൽ പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുറമുഖത്തിനോ അതിന്റെ പ്രവർത്തനങ്ങൾക്കോ ​​ഒരു നാശനഷ്ടവും വരുത്തിയിട്ടില്ലെന്നാണ് സ്ഥിരീകരണം. തുറമുഖത്ത് ഇപ്പോൾ എട്ട് കപ്പലുകളുണ്ടെന്നും ചരക്ക് നീക്കങ്ങൾ സാധാരണ നിലയിലാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

തുറമുഖത്ത് ഏകദേശം 700 ജീവനക്കാരുണ്ട്. കണ്ടെയ്‌നറുകൾ, ബൾക്ക്, ബ്രേക്ക്ബൾക്ക്, സിമൻറ്, ജനറൽ കാർഗോ എന്നിവയുൾപ്പെടെ വ്യത്യസ്ത തരം കാർഗോകൾ ഉണ്ട്. ഇസ്രായേൽ സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറമുഖം സാധാരണഗതിയിൽ പ്രവർത്തിക്കുന്നുവെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ഇസ്രായേലിന്റെ ഇറക്കുമതിയുടെ 30 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്ന ഹൈഫ തുറമുഖം നിർണായക സമുദ്ര കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. തുറമുഖത്തിന്റെ 70 ശതമാനം വിഹിതവും നിയന്ത്രിക്കുന്നത് അദാനി പോർട്സാണ്.

 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം