'എവറെസ്റ്റ്' നിരോധനം, സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

By Web TeamFirst Published May 2, 2024, 5:44 PM IST
Highlights

ഇന്ത്യൻ കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവ നിർമ്മിക്കുന്ന സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളിൽ അർബുദമുണ്ടാക്കുന്ന എഥിലീൻ ഓക്സൈഡ് എന്ന രാസവസ്തു കണ്ടെത്തിയെന്നാരോപിച്ചായിരുന്നു വിവാദം

ദില്ലി: ഇന്ത്യൻ സുഗന്ധവ്യഞ്ജന കമ്പനികളായ എവറസ്റ്റ്, എംഡിഎച്ച് എന്നിവ പിൻവലിക്കാൻ സിംഗപ്പൂരും ഹോങ്കോങ്ങും ആവശ്യപ്പെട്ടതിന് ശേഷം, സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ട് കേന്ദ്രം. സ്പൈസസ് ബോർഡും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയും പതിവ് സാമ്പിളിംഗ് ആരംഭിച്ചിച്ചിട്ടുണ്ടെങ്കിലും സുഗന്ധവ്യഞ്ജനത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് കൃത്യമായ പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

എവറസ്റ്റ് കമ്പനിയുടെ ഫിഷ് കറി മസാലയിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗപ്പൂർ സർക്കാർ വിപണിയിൽ നിന്ന് ഉത്പന്നം പിൻവലിക്കാൻ ആവശ്യപ്പെട്ടത്. എവറസ്റ്റിന്റെ ഫിഷ് മസാലയിൽ ഉയർന്ന അളവിൽ എഥിലീൻ ഓക്സൈഡ്  അടങ്ങിയിട്ടുണ്ടെന്ന്  സിംഗപ്പൂർ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അനുവദനീയമായ പരിധി കവിയുന്ന അളവിൽ എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ കേന്ദ്രവും ഉത്പന്നം വിപണിയിൽ നിന്നും നിരോധിച്ചിട്ടുണ്ട്. 

എംഡിഎച്ച്, എവറസ്റ്റ് സുഗന്ധവ്യഞ്ജന കമ്പനികളുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങൾ ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതിയെ തളർത്തുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഗുണനിലവാര പ്രശ്‌നം രാജ്യം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും  റിപ്പോർട്ടിൽ പറയുന്നു. 

ഇന്ത്യൻ കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവ നിർമ്മിക്കുന്ന സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളിലെ മലിനീകരണം സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കുന്നതായി ഫുഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസിലാൻഡ് (FSANZ) പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഉത്പന്നങ്ങൾ നിരോധിച്ച നടപടിക്ക് ശേഷം, ഓസ്‌ട്രേലിയയിൽ ഈ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം.

ഈ ഉൽപ്പന്നങ്ങളിൽ അർബുദമുണ്ടാക്കുന്ന എഥിലീൻ ഓക്സൈഡ് എന്ന രാസവസ്തു കണ്ടെത്തിയെന്നാരോപിച്ചായിരുന്നു വിവാദം. 

click me!