'ന്യായവില ഉറപ്പാക്കും'; കാർഷിക മേഖലയ്ക്ക് കൈത്താങ്ങ്, 2000 കോടിയുടെ വായ്പ

By Web TeamFirst Published Jun 4, 2021, 10:02 AM IST
Highlights

നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി, കൃഷി പരിപാലനം, കോൾഡ് സ്റ്റോറേജുകളുടെ ശൃം​ഖല ആധുനിക ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനിക വൽക്കരിക്കും

തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് കൈത്താങ്ങുന്ന പദ്ധതികൾ പ്രഖ്യാപിച്ച് രണ്ടാം പിണറായി സ‍ക്കാരിന്റെ ആദ്യ ബജറ്റ്. 2000 കോടി രൂപയുടെ വായ്പയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കൃഷിയിലേക്ക് ആക‍ർഷിക്കുന്നതിനും കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നവീകരിക്കുന്നതിന്റെ ഭാ​ഗമായി കൃഷിഭവനുകളെ സ്മാ‍ർട്ട് ആക്കും.

ഇതിനായി നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി, കൃഷി പരിപാലനം, കോൾഡ് സ്റ്റോറേജുകളുടെ ശൃം​ഖല ആധുനിക ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനിക വൽക്കരിക്കും. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

കാ‍ർഷിക മേഖലയിലെ വികസന പ്രക്രിയയിലെ പ്രധാനതടസ്സം മൂലധന രൂപീകരണത്തിലെ കുറവാണ്. മെച്ചപ്പെട്ട നിക്ഷേപ വായ്പാ സംവിധാനം ഒരുക്കിയാൽ സ്വകാര്യ മൂലധന രൂപികരണം വർദ്ധിപ്പിച്ച് പ്രാദേശിക വിപണികൾ ​ഗോഡൗണുകൾ ​തുടങ്ങിയവയും പൈനാപ്പിൾ, വാഴപ്പഴം, മാമ്പഴം, തുടങ്ങിവയുടെ സംസ്കരണ കേന്ദ്രങ്ങളും സൃഷ്ടിക്കുന്നതിന് കഴിയും. പഴം പച്ചക്കറി, മാംസ സംസ്കരണ മേഖലകളിൽ ഇടപെടാൻ കഴിയും.

കാ‍ർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാനത്ത് സേവന ശൃംഖല ആരംഭിക്കും. പൈലറ്റ് പദ്ധതി ആരംഭിക്കും. കാ‍ർഷിക ഉത്പാദക  കമ്പനികളെയും സഹകരണ സംഘങ്ങളെയും കാർഷിക ചന്തകളെയും ഇതിൽ ഉൾപ്പെടുത്തും. ഇതിനായി ധനമന്ത്രി പത്ത് കോടി രൂപ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 5 അഗ്രോ പാർക്കുകൾ തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപനിച്ചു. ഇതിനായി 10 കോടി അനുവദിച്ചു. തോട്ടം മേഖലയ്ക്കും ബജറ്റിൽ പ്രഖ്യാപനം. പ്ലാന്‍റേഷനായി 5 കോടി അനുവദിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!