വിമാനങ്ങളെന്ന പേര് മാത്രം! 18000 കോടിക്ക് ടാറ്റ വാങ്ങിയതിൽ എഞ്ചിനില്ലാത്തവയും തകരാറുള്ളവയും

By Web TeamFirst Published Oct 17, 2021, 3:30 PM IST
Highlights

എയർ ഇന്ത്യയിൽ 12085 ജീവനക്കാരും എയർ ഇന്ത്യ എക്സ്പ്രസിൽ 1434 ജീവനക്കാരുമുണ്ട്. ആദ്യത്തെ ഒരു വർഷം എയർ ഇന്ത്യ ജീവനക്കാരിൽ ഒരാളെ പോലും ടാറ്റയ്ക്ക് പിരിച്ചുവിടാനാകില്ല

ദില്ലി: നഷ്ടത്തിലായ എയർ ഇന്ത്യ (Air India) ടാറ്റയ്ക്ക് (TATA) കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് (TALACE Private Limited) വാങ്ങുന്നത് 18000 കോടി രൂപയ്ക്കാണ്. അത്രയും പണം കൊടുക്കുമ്പോൾ കിട്ടുക 141 എയർ ഇന്ത്യ വിമാനങ്ങളാണ് (Aircrafts). ഇതിൽ 117 വിമാനങ്ങൾ എയർ ഇന്ത്യയുടേതും 24 എണ്ണം എയർ ഇന്ത്യ എക്സ്പ്രസിന്റേതുമാണ് (Air India Express). ആകെയുള്ള 141 ൽ 42 എണ്ണം ലീസിനെടുത്ത വിമാനങ്ങളാണ്. ബാക്കിയുള്ള 99 എണ്ണം എയർ ഇന്ത്യയുടെ സ്വന്തവും. എന്നാൽ 141 വിമാനങ്ങളിൽ നല്ലൊരു ശതമാനം ഇപ്പോൾ പറക്കാനുള്ള കെൽപ്പില്ലാത്തതാണ് എന്നതാണ് ടാറ്റയ്ക്ക് മുന്നിലെ വെല്ലുവിളി.

എയർ ഇന്ത്യ ഡീൽ: ടാറ്റയെ നോക്കി അക്ഷമരായി കേന്ദ്ര സർക്കാർ; ഏറ്റെടുക്കലിന് ഇനിയും കടമ്പകൾ

ഈ വിമാനങ്ങളിൽ പലതിനും എഞ്ചിനില്ലെന്നും കുറയധികം വിമാനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തേണ്ടവയാണെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ടാറ്റയ്ക്ക് എയർ ഇന്ത്യ ഒരു വലിയ ഭാരം തന്നെയാണ്. അതിന് പുറമെയാണ് ജീവനക്കാരുടെ എണ്ണവും അവരെ സംരക്ഷിക്കാനുള്ള ടെന്റർ നിബന്ധനകളും.

എയർ ഇന്ത്യയിൽ 12085 ജീവനക്കാരും എയർ ഇന്ത്യ എക്സ്പ്രസിൽ 1434 ജീവനക്കാരുമുണ്ട്. ആദ്യത്തെ ഒരു വർഷം എയർ ഇന്ത്യ ജീവനക്കാരിൽ ഒരാളെ പോലും ടാറ്റയ്ക്ക് പിരിച്ചുവിടാനാകില്ല. രണ്ടാമത്തെ വർഷം മുതൽ ജീവനക്കാരെ പിരിച്ചുവിടുകയാണെങ്കിൽ സ്വയം വിരമിക്കലിനുള്ള ആനുകൂല്യങ്ങളും ഒപ്പം ഗ്രാറ്റുവിറ്റി, പിഎഫ് എന്നിവയും നൽകണം.

എയർ ഇന്ത്യയിലും എയർ ഇന്ത്യ എക്സ്പ്രസിലുമുള്ള 100 ശതമാനം ഓഹരികളും എയർ ഇന്ത്യ സാറ്റ്സിലെ 50 ശതമാനം ഓഹരികളുമാണ് ടാറ്റയ്ക്ക് കിട്ടുക. ഈ ഏറ്റെടുക്കലിലൂടെ 4000 ആഭ്യന്തര സർവീസുകളും 1200 അന്താരാഷ്ട്ര സർവീസുകളും കൂടെ ടാറ്റയ്ക്ക് സ്വന്തമാകും. എയർ ഇന്ത്യയുടെ വരുമാനത്തിലെ മൂന്നിൽ രണ്ട് ഭാഗവും വരുന്നത് അന്താരാഷ്ട്ര സർവീസുകളിൽ നിന്നായതിനാൽ ഇതിലൂടെ നേട്ടമുണ്ടാക്കാമെന്നാണ് ടാറ്റയും ലക്ഷ്യമിടുന്നത്.

പ്രതിദിനം 20 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. അതും ടാറ്റ നേരിടേണ്ടി വരും. അതേസമയം 14718 കോടി രൂപ വിലമതിക്കുന്ന എയർ ഇന്ത്യയുടെ ഭൂമിയും കെട്ടിടങ്ങളും ടാറ്റയ്ക്ക് കിട്ടില്ല. അത് എയർ ഇന്ത്യ അസറ്റ് ഹോൾഡിങ്സ് ലിമിറ്റഡ് എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലേക്കാണ് പോവുക. 

click me!