എയർ ഇന്ത്യ പ്രതിസന്ധി: ബിനോയ് വിശ്വത്തിന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ മറുപടി

By Web TeamFirst Published Oct 15, 2020, 4:19 PM IST
Highlights

കൊവിഡ് കാലത്ത് എയർ ഇന്ത്യ ജീവനക്കാർക്ക് ഏർപ്പെടുത്തിയ വേതന രഹിത അവധി പദ്ധതി മാനേജ്മെന്റിനും ജീവനക്കാർക്കും ഒരേപോലെ ഗുണകരമാണെന്ന് മന്ത്രി.

ദില്ലി: എയർ ഇന്ത്യ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി. രാജ്യസഭയിൽ ബിനോയ് വിശ്വം എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇത് പറഞ്ഞത്. കൊവിഡ് കാലത്ത് എയർ ഇന്ത്യ ജീവനക്കാർക്ക് ഏർപ്പെടുത്തിയ വേതന രഹിത അവധി പദ്ധതി മാനേജ്മെന്റിനും ജീവനക്കാർക്കും ഒരേപോലെ ഗുണകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്തർദേശീയ സർവീസുകൾക്കൊപ്പം ആഭ്യന്തര സർവീസുകളും മുടങ്ങിയിട്ടും ഒരൊറ്റ ജീവനക്കാരനെ പോലും എയർ ഇന്ത്യ പിരിച്ചുവിട്ടില്ല. എല്ലാ ജീവനക്കാർക്കും 2020 ജൂൺ വരെ വേതനം നൽകി. ലോകത്താകെ വ്യോമയാന മേഖല പ്രതിസന്ധിയിലാണ്. വേതന രഹിത അവധിയിലൂടെ  ജീവനക്കാർക്ക് ഔദ്യോഗിക ചുമതലകളിൽ നിന്ന് ഇടവേള എടുക്കാനാവും, എന്നാൽ അത് ജോലി നഷ്ടപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.

വേതന രഹിത അവധിയെടുക്കുന്ന ജീവനക്കാർക്ക് മറ്റെന്തെങ്കിലും ജോലി കണ്ടെത്തുന്നതിന് തടസമുണ്ടാവില്ല. ഇതിന് മുൻപും വേതന രഹിത അവധി എയർ ഇന്ത്യ കൊണ്ടുവന്നിട്ടുണ്ട്. ഇത്തവണ എയർ ഇന്ത്യയുടെ സിഎംഡിക്ക് തന്നെ ഈ ഉത്തരവിറക്കാൻ കഴിയുമെന്നത് മാത്രമായിരുന്നു വ്യത്യാസമെന്നും മന്ത്രി വിശദീകരിച്ചു.

click me!