
ദില്ലി: ഡിസംബര്‍ അവസാനത്തോടെ നടക്കേണ്ടിയിരുന്ന എയർ ഇന്ത്യ (Air India) കൈമാറ്റം വൈകുന്നു. ഈ വർഷം ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ എയർ ഇന്ത്യ കൈമാറ്റം ഈ വർഷം നടക്കില്ലെന്നാണ് കരുതുന്നത്.
ഡിസംബർ അവസാനത്തോടെ ടാറ്റയ്ക്ക് (TATA) എയർ ഇന്ത്യയെ കൈമാറണം എന്നായിരുന്നു സർക്കാരിന്റെ ആഗ്രഹവും തീരുമാനവും. എന്നാൽ ചുവപ്പുനാട വിലങ്ങുതടിയാവുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഇനിയും സർക്കാരിന്റെ പല വകുപ്പുകളിൽ നിന്നായി കിട്ടാനുള്ള അനുമതി പത്രങ്ങളാണ് തടസം.
കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ടാറ്റയുടെ ടെണ്ടർ സർക്കാർ അംഗീകരിച്ചത്. ടാറ്റ സൺസിനു കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടെൻഡർ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഒക്ടോബർ 11ന് ടെൻഡർ സ്വീകരിച്ചതിന്റെ കത്ത് കേന്ദ്രം ടാലസ് കമ്പനിക്ക് കൈമാറി.
ഓരോ ദിവസവും 20 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. കഴിയുന്നതും വേഗം എയർ ഇന്ത്യയെ വിവിൽക്കാനുള്ള ശ്രമവും ഇതിന്റെ കൂടെ പശ്ചാത്തലത്തിൽ ആയിരുന്നു. എന്നാൽ കൈമാറ്റം വൈകുന്നത് ടാറ്റയുടെ കണക്കുകൂട്ടലുകളുടെ താളവും തെറ്റിക്കുകയാണ്.