കുറ്റവാളികൾ രാജ്യം വിടുന്നത് തടയും, രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് നൽകണം

By Web TeamFirst Published Aug 11, 2022, 5:42 PM IST
Highlights

നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്‌സി തുടങ്ങി സാമ്പത്തിക തട്ടിപ്പുകൾ നടത്തി രാജ്യം വിട്ട കുറ്റവാളികൾ ഏറെയാണ്. പഴുതടച്ചുള്ള നടപടിക്ക് ഒരുങ്ങുകയാണ് സർക്കാർ 

ദില്ലി: രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങൾ സാമ്പത്തിക മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ്സിന്  നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിമാനങ്ങൾ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വിമാനക്കമ്പനികൾ യാത്രക്കാരുടെ പിഎൻആർ വിവരങ്ങൾ കസ്റ്റംസ് അധികാരികളുമായി നിർബന്ധമായും പങ്കുവെക്കണം.  നിയമലംഘകർ രാജ്യം വിട്ടുപോകുന്ന നടപടികൾ തടയാനാണിത്. 

Read Also: യാത്രക്കാർക്ക് ആശ്വസിക്കാമോ? ആഭ്യന്തര വിമാന നിരക്കുകളിലെ നിയന്ത്രണങ്ങൾ നീക്കും

പേര്, ബന്ധപ്പെടേണ്ട വിവരങ്ങൾ, പേയ്‌മെന്റ് വിശദാംശങ്ങൾ എന്നിവ ഉൾപ്പടെയുള്ള വിവരങ്ങളാണ് കസ്റ്റംസിന് കൈമാറേണ്ടത്. രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെയും പുറത്തുപോകുന്നവരുടെയും കൃത്യമായ കണക്കുകൾ പരിശോധിക്കാൻ ഇതിലൂടെ സാധിക്കും. 

കള്ളക്കടത്ത് പോലുള്ള ഏതെങ്കിലും അനധികൃത വ്യാപാരം തടയാൻ സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ സാമ്പത്തികവും അല്ലാതെയുമുള്ള തട്ടിപ്പുകൾക്ക് ശേഷം കുറ്റവാളികൾ രാജ്യം വിടുന്നത് തടയാനും ഇതിലൂടെ പ്രയോജനപ്പെടും. സിബിഐസി സ്ഥാപിച്ച നാഷണൽ കസ്റ്റംസ് ടാർഗെറ്റിംഗ് സെന്റർ-പാസഞ്ചർ, കസ്റ്റംസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും അന്വേഷണം നടത്തുന്നതിനും നിയമ നിർവ്വഹണ ഏജൻസികൾക്കോ ​​സർക്കാർ വകുപ്പുകൾക്കോ വിവരങ്ങൾ ശേഖരിക്കാം. 

Read Also: ആദായനികുതി റിട്ടേൺ വൈകിയോ? ഈ നികുതിദായകർ പിഴ നൽകേണ്ട

രാജ്യാന്തര യാത്രക്കാരുടെ പിഎൻആർ വിവരങ്ങൾ ശേഖരിക്കുന്ന 60 രാജ്യങ്ങളുണ്ട്. ഇതോടെ ഇന്ത്യ ഇതിൽ അംഗമാകും. നിലവിൽ വിമാനക്കമ്പനികൾ ഇമിഗ്രേഷൻ അധികാരികൾക്ക് യാത്രക്കാരുടെ  പേര്, ദേശീയത, പാസ്‌പോർട്ട് വിശദാംശങ്ങൾ എന്നിവ മുൻകൂട്ടി നൽകണം. 

2017 ലെ യൂണിയൻ ബജറ്റിൽ 24 മണിക്കൂർ മുമ്പ് യാത്രക്കാരുടെ പിഎൻആർ വിശദാംശങ്ങൾ എയർലൈനുകൾ പങ്കിടണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഔദ്യോഗിക നിർദേശം വരുന്നത് ഇപ്പോൾ മാത്രമാണ്. 

Read Also : ഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകും; ചൈനയെ പിന്തള്ളുമോ?

യാത്രക്കാരുടെ പേര്, ബില്ലിംഗ്/പേയ്‌മെന്റ് വിവരങ്ങൾ (ക്രെഡിറ്റ് കാർഡ് നമ്പർ), ടിക്കറ്റ് ഇഷ്യൂ ചെയ്‌ത തീയതിയും ഒപ്പം യാത്ര ചെയ്യുന്നവരുടെ പേരുകളും ഉൾപ്പെടുന്ന വിവരങ്ങളിൽ എയർലൈൻ കമ്പനികൾ നൽകണം. 

നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്‌സി എന്നിവരുൾപ്പെടെ 38 സാമ്പത്തിക കുറ്റവാളികളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യം വിട്ടതെന്നാണ് സർക്കാർ പാർലമെന്റിൽ നൽകിയ വിവരം. വ്യവസായിയും മുൻ എംപിയുമായ വിജയ് മല്യ  9,000 കോടി രൂപ വെട്ടിച്ച്, 2016 മാർച്ച് 2 ന് രാജ്യം വിട്ടു.

Read Also: ആദായ നികുതി നൽകുന്നുണ്ടോ? ഈ പെൻഷൻ പദ്ധതിയിൽ ഒക്ടോബർ മുതൽ ചേരാനാകില്ല

13,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക്  വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ മെഹുൽ ചോക്‌സിയും  ആന്റിഗ്വയിലേക്കും ബാർബുഡയിലേക്കും രക്ഷപ്പെട്ടു.

ഈ ചട്ടങ്ങൾ പാലിക്കാത്ത വിമാന ഓപ്പറേറ്റർമാർ കുറഞ്ഞത് 25,000 രൂപയും പരമാവധി 50,000 രൂപയും പിഴ അടയ്‌ക്കേണ്ടിവരും.
 

click me!