Asianet News MalayalamAsianet News Malayalam

യാത്രക്കാർക്ക് ആശ്വസിക്കാമോ? ആഭ്യന്തര വിമാന നിരക്കുകളിലെ നിയന്ത്രണങ്ങൾ നീക്കും

സാമ്പത്തികമായി ദുർബലരായ വിമാനക്കമ്പനികളെ സംരക്ഷിക്കാൻ താഴ്ന്ന പരിധിയും ഉയർന്ന നിരക്കിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ ഉയർന്ന പരിധിയും  ഉണ്ട് 

Limits imposed on domestic airfares will be removed
Author
Trivandrum, First Published Aug 10, 2022, 6:18 PM IST

ദില്ലി: ആഭ്യന്തര വിമാന നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്യുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഏകദേശം 27 മാസത്തെ ഇടവേളയ്ക്ക് ശേഷമാണു നിരക്കുകൾ നീക്കുന്നത്. 

വിമാന ഇന്ധനത്തിന്റെ വില കുറഞ്ഞ സാഹചര്യത്തിൽ എയർ ടർബൈൻ ഡിമാൻഡും വിലയും സൂക്ഷ്മമായി വിശകലനം ചെയ്തതിന് ശേഷമാണ് വിമാന നിരക്ക് പരിധി നീക്കം ചെയ്യാനുള്ള തീരുമാനം വ്യോമയാന മന്ത്രാലയം സ്വീകരിച്ചത്. ആഭ്യന്തര വ്യോമയാന മേഖല കൊവിഡ് മഹാമാരിക്ക് ശേഷം ഇപ്പോൾ സ്ഥിരത കൈവരിക്കാൻ തുടങ്ങി എന്നും സമീപഭാവിയിൽ ഈ മേഖല ആഭ്യന്തര ഗതാഗതത്തിൽ വളർച്ച കൈവരിക്കുമെന്ന് ഉറപ്പുള്ളതായും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. 

Read Also: പ്രതിമാസം 12,500 രൂപ നിക്ഷേപിക്കൂ, 64 ലക്ഷം രൂപ വരെ നേടാം; അറിയാം സുകന്യ സമൃദ്ധി യോജനയെ

വിമാന ഇന്ധന വില ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യ-ഉക്രെയ്ൻ യുദ്ധം കാരണം റെക്കോഡ് നിലവാരത്തിലേക്ക് കുതിച്ചുയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ടിഎഫ് വില കുറയുകയാണ്. ഓഗസ്റ്റ് ഒന്നിന് ഡൽഹിയിൽ എടിഎഫിന്റെ വില കിലോ ലിറ്ററിന് 1.21 ലക്ഷം രൂപയായിരുന്നു, ഇത് കഴിഞ്ഞ മാസത്തേക്കാൾ 14 ശതമാനം കുറവാണ്.

കൊവിഡ് -19 പാൻഡെമിക് കാരണമുണ്ടായ രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷം 2020 മെയ് 25 ന് സർവീസുകൾ പുനരാരംഭിച്ചപ്പോൾ യാത്ര കാലയളവിനെ അടിസ്ഥാനമാക്കി ആഭ്യന്തര വിമാന നിരക്കുകൾക്ക് മന്ത്രാലയം താഴ്ന്നതും ഉയർന്നതുമായ പരിധികൾ ഏർപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന്,  40 മിനിറ്റിൽ താഴെയുള്ള ആഭ്യന്തര വിമാനങ്ങൾക്ക് 2,900 രൂപയിൽ താഴെയും (ജിഎസ്ടി ഒഴികെ) മുകളിൽ ഉള്ളവയ്ക്ക് 8,800 രൂപയിൽ കൂടുതലും (ജിഎസ്ടി ഒഴികെ) യാത്രക്കാരിൽ നിന്ന് ഈടാക്കാൻ കഴിയില്ല.

Read Also: ഓഗസ്റ്റിൽ ഈ 4 ഓഹരികൾ വാങ്ങൂ, 28 ശതമാനം ലാഭം നേടാം

സാമ്പത്തികമായി ദുർബലരായ വിമാനക്കമ്പനികളെ സംരക്ഷിക്കാൻ താഴ്ന്ന പരിധിയും ഉയർന്ന നിരക്കിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ ഉയർന്ന പരിധിയും മന്ത്രാലയം നിഷ്കർഷിച്ചിരുന്നു.

ഈ പരിധികൾ 2022 ഓഗസ്റ്റ് 31 മുതൽ നീക്കം ചെയ്യുമെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേസമയം, എയർലൈനുകളും എയർപോർട്ട് ഓപ്പറേറ്റർമാരും കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും യാത്രാവേളയിൽ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പാക്കണം എന്നും മന്ത്രാലയം വ്യക്തമാക്കി.  

Follow Us:
Download App:
  • android
  • ios