കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി കെജിഎസ്എംഎ; 'ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ സ്വർണ കള്ളക്കടത്ത് സംഘം വളരും'

Published : May 13, 2026, 10:37 AM IST
KGSMA- Narendra Modi

Synopsis

കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 15% ആയി വർധിപ്പിച്ച നടപടിക്കെതിരെ കെജിഎസ്എംഎ. ഈ നടപടി സ്വർണ്ണക്കള്ളക്കടത്ത് വർധിപ്പിക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനും രൂപയുടെ മൂല്യം ഉയർത്താനുമാണ് പുതിയ നിയന്ത്രണമെന്നാണ് സർക്കാർ വിശദീകരണം.

തിരുവനന്തപുരം: കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത്. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6% ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും  കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.

ഇറക്കുമതി ചുങ്കം 9 ശതമാനം വർദ്ധിപ്പിച്ചതോടെ ഇന്ത്യയിലെ ആഭ്യന്തര സ്വർണ്ണവില പവന് 10,200 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നാൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ ലാഭമാണ് ലഭിക്കുകയെന്നും കള്ളക്കടത്ത് സ്വർണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാൽ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാർക്ക് ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ആഹ്വാനം

അതേ സമയം, സ്വർണത്തിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് സ്വർണത്തിന്റെയും വെള്ളിയുടെയും തീരുവ ഉയർത്തിയത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ. രാജ്യത്ത് സ്വർണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഞായറാഴ്ച ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താല്പര്യം രാജ്യത്ത് വർദ്ധിച്ചുവരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.

PREV
Read more Articles on
click me!

Recommended Stories

സ്വർണ വിലയിൽ വൻ വർധനവിന് സാധ്യത; കാരണം ഇറക്കുമതി തീരുവയിലെ വർദ്ധന, ആറിൽ നിന്ന് 15 ശതമാനത്തിലെത്തി
'പ്രായോഗികമല്ലാത്ത നിർദേശം'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം തള്ളി കേരളത്തിലെ സ്വർണവ്യാപാരികൾ