2026 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ ഓഹരികളിലും ബോണ്ടുകളിലുമുള്ള ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ 56.1 ശതമാനം വർധന. അന്താരാഷ്ട്ര ഓഹരി വിപണികളിലെ മുന്നേറ്റം, ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി പുതുതായി വിദേശത്ത് നിക്ഷേപിക്കുന്നതിനുള്ള അവസരങ്ങൾ എന്നിവയാണ് നിക്ഷേപം വർധിക്കാനുള്ള കാരണം.
വിദേശ ഓഹരികളിലും ബോണ്ടുകളിലുമുള്ള ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വന്‍ വര്‍ധന. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, 2026 സാമ്പത്തിക വര്‍ഷത്തില്‍ ഈ നിക്ഷേപം മുന്‍വര്‍ഷത്തെക്കാള്‍ 56.1 ശതമാനം ഉയര്‍ന്ന് 270 കോടി ഡോളറിലെത്തി. ആഭ്യന്തര വിപണിയില്‍ മാത്രം ഒതുങ്ങാതെ വിവിധ രാജ്യങ്ങളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കാന്‍ ഇന്ത്യക്കാര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതിന്റെ സൂചനയാണിത്.
വിദേശ നിക്ഷേപത്തോട് താല്‍പര്യം കൂടുന്നത് എന്തുകൊണ്ട്?
അന്താരാഷ്ട്ര ഓഹരി വിപണികളിലെ മുന്നേറ്റവും ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി പുതുതായി വിദേശത്ത് നിക്ഷേപിക്കുന്നതിനുള്ള അവസരങ്ങളുമാണ് വിദേശ വിപണിയില്‍ നിക്ഷേപം കൂടാനുള്ള കാരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടര്‍, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആഗോള ടെക്‌നോളജി കമ്പനികള്‍ ഇന്ത്യന്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഏതെല്ലാം കമ്പനികളിലേക്കോ മേഖലകളിലേക്കോ ആണ് പണമെത്തിയതെന്ന കണക്കുകള്‍ ലഭ്യമല്ല.
വിദേശ ഓഹരികളില്‍ നിക്ഷേപിക്കാന്‍ രണ്ടു വഴികള്‍
ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിക്ക് വിദേശ ഇടപാടുകള്‍ക്കായി ഒരു സാമ്പത്തിക വര്‍ഷം പരമാവധി 2.5 ലക്ഷം ഡോളര്‍ വരെ അയയ്ക്കാം. വിദേശ ഓഹരികള്‍, കടപ്പത്രങ്ങള്‍, വസ്തുവകകള്‍ എന്നിവയിലെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും. അന്താരാഷ്ട്ര ഓഹരി വിപണികളില്‍ നിക്ഷേപിക്കാന്‍ പൊതുവേ രണ്ടു മാര്‍ഗങ്ങളുണ്ട്. വിദേശ വിപണികളില്‍ ഇടപാട് നടത്താന്‍ സൗകര്യമൊരുക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ വഴി ഓഹരികളും ഇടിഎഫുകളും നേരിട്ട് വാങ്ങുന്നതാണ് ആദ്യ മാര്‍ഗം. ഇങ്ങനെ നിക്ഷേപിക്കുമ്പോള്‍ വിദേശ കറന്‍സിയിലേക്കു പണം മാറ്റുന്നതിനുള്ള ചെലവ്, ബ്രോക്കറേജ്, വാങ്ങിയ ഓഹരികളും മറ്റു നിക്ഷേപങ്ങളും വിദേശത്ത് സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ എന്നിവ പരിഗണിക്കണം.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യാന്തര മ്യൂച്വല്‍ ഫണ്ടുകളിലോ ഇടിഎഫുകളിലോ നിക്ഷേപിക്കുന്നതാണ് രണ്ടാമത്തെ മാര്‍ഗം. ഇതിലൂടെ നിക്ഷേപകന്‍ വ്യക്തിപരമായി വിദേശത്തേക്ക് പണം അയയ്ക്കാതെ തന്നെ വിദേശ വിപണികളില്‍ നിക്ഷേപിക്കാം.
നികുതി എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി പണം അയയ്ക്കുമ്പോള്‍, ടിസിഎസ് ഈടാക്കിയേക്കാം. കൈവശം വെക്കുന്ന വിദേശ ഓഹരികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ക്കും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യാന്തര ഫണ്ടുകള്‍ക്കും മൂലധന നേട്ട നികുതി ഒരുപോലെയല്ല. നിക്ഷേപം കൈവശം വെക്കുന്ന കാലയളവ്, ബാധകമായ നികുതി നിരക്ക്, റിപ്പോര്‍ട്ട് ചെയ്യേണ്ട വിവരങ്ങള്‍ എന്നിവ പരിശോധിക്കണം. ആവശ്യമായ സാഹചര്യങ്ങളില്‍ വിദേശ ആസ്തികളുടെ വിവരങ്ങളും വെളിപ്പെടുത്തേണ്ടതുണ്ട്.














