
നമ്മുടെയെല്ലാം വീടുകളിലും മറ്റും മിനിറ്റുകൾക്കകം സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് വിപണിയിൽ വൻ കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നു. നിലവിൽ ഈ രംഗം ഭരിക്കുന്ന ഇറ്റേണൽ ലിമിറ്റഡിന്റെ (Eternal Ltd) ഉടമസ്ഥതയിലുള്ള 'ബ്ലിങ്കിറ്റ്' (Blinkit), സ്വിഗ്ഗിയുടെ 'ഇൻസ്റ്റാമാർട്ട്' (Instamart) എന്നിവർക്ക് ശക്തമായ വെല്ലുവിളിയുമായി ആഗോള ഭീമന്മാരായ ആമസോണും വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടും രംഗത്തിറങ്ങിക്കഴിഞ്ഞു. വലിയ മത്സരസാധ്യത കണക്കിലെടുത്ത് നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ചതോടെ ബ്ലിങ്കിറ്റിന്റെ മാതൃകമ്പനിയായ ഇറ്റേണലിന്റെ ഓഹരി വിലയിൽ 28 ശതമാനവും സ്വിഗ്ഗിയുടെ ഓഹരികളിൽ 47 ശതമാനത്തോളവും ഇടിവ് രേഖപ്പെടുത്തി. ഇരു കമ്പനികൾക്കുമായി ഏകദേശം 15 ബില്യൺ ഡോളറിന്റെ (ഏകദേശം 1.25 ലക്ഷം കോടി രൂപ) വിപണി മൂല്യമാണ് ഇതോടെ നഷ്ടമായത്.
ഇന്ത്യയിലെ 11 ബില്യൺ ഡോളർ മൂല്യമുള്ള ക്വിക്ക് കൊമേഴ്‌സ് വിപണി ലക്ഷ്യമിട്ട് വൻ നിക്ഷേപമാണ് ഈ രണ്ട് കമ്പനികളും നടത്തുന്നത്. സാധനങ്ങൾ സൂക്ഷിക്കുന്ന ഡാർക്ക് സ്റ്റോറുകളുടെ ശൃംഖല രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് ഇവരുടെ നീക്കം.
ആമസോൺ നൗ (Amazon Now): കഴിഞ്ഞ വർഷം അതിവേഗ ഡെലിവറി ആരംഭിച്ച ആമസോൺ തങ്ങളുടെ സേവനം നിലവിലുള്ള 15 നഗരങ്ങളിൽ നിന്ന് 300 ലധികം ഇന്ത്യൻ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്ലിപ്കാർട്ട് മിനിറ്റ്‌സ് (Flipkart Minutes): ഇതിനോടകം തന്നെ 130 നഗരങ്ങളിലായി ആയിരത്തോളം ഡാർക്ക് സ്റ്റോറുകൾ ഫ്ലിപ്കാർട്ട് ആരംഭിച്ചു കഴിഞ്ഞു. വരും മാസങ്ങളിൽ ഇത് 180 നഗരങ്ങളിലായി 1,500 സ്റ്റോറുകളാക്കി മാറ്റാനാണ് കമ്പനിയുടെ തീരുമാനം.
ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിലിന്റെ കീഴിലുള്ള ജിയോമാർട്ടും ക്വിക്ക് കൊമേഴ്‌സ് രംഗത്ത് സജീവമാണ്. 1,200 നഗരങ്ങളിലായി പടർന്നു കിടക്കുന്ന 3,100-ലധികം റീട്ടെയ്ൽ സ്റ്റോറുകൾ വഴിയാണ് ജിയോമാർട്ട് ഈ സേവനം നൽകുന്നത്. അതേസമയം, ഇന്ത്യയിൽ 10 മിനിറ്റ് ഡെലിവറി എന്ന ആശയം ആദ്യമായി കൊണ്ടുവന്ന സെപ്‌റ്റോ തങ്ങളുടെ ഐപിഒ വഴി 1 ബില്യൺ ഡോളർ സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്. എങ്കിലും വൻകിട കമ്പനികൾ വിപണിയിലേക്ക് എത്തിയതോടെ അൺലിസ്റ്റഡ് മാർക്കറ്റിൽ സെപ്‌റ്റോയുടെ ഓഹരി വിലയിലും 32 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്.
നിലവിൽ വൻ ഓഫറുകളും ഡിസ്‌കൗണ്ടുകളും നൽകിയാണ് കമ്പനികൾ വിപണി പിടിക്കാൻ ശ്രമിക്കുന്നത്. ഡിസംബർ പാദത്തിൽ ബ്ലിങ്കിറ്റ് കൂടുതൽ പ്രവർത്തനലാഭം നേടിയപ്പോൾ, സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് വിഭാഗം 460 മില്യൺ ഡോളറിന്റെയും സെപ്‌റ്റോ 600 മില്യൺ ഡോളറിന്റെയും വാർഷിക നഷ്ടത്തിലാണ് ഓടുന്നത്. തങ്ങൾ ഈ വിലയുദ്ധത്തിൽ പങ്കാളികളാകില്ലെന്ന് സ്വിഗ്ഗി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നവർ മിനിറ്റുകൾക്കകമുള്ള ഡെലിവറി സൗകര്യം ഇപ്പോൾ ചെറുകിട നഗരങ്ങളിലേക്കും വേഗത്തിൽ വ്യാപിക്കുകയാണ്. വരും വർഷങ്ങളിലും ഈ മേഖലയിലെ കമ്പനികൾ തമ്മിലുള്ള മത്സരം അതിശക്തമായി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.