എൻ. ചന്ദ്രശേഖരൻ രാജിവെച്ചതിനെ തുടർന്ന് ടാറ്റാ സൺസ് പുതിയ ചെയർമാനെ തേടുന്നു. ടാറ്റ സ്റ്റീൽ എംഡിയും മലയാളിയുമായ ടി.വി. നരേന്ദ്രന്റെ പേരിനാണ് മുൻതൂക്കം. പുതിയ ചെയർമാനെ കാത്തിരിക്കുന്നത് എയർ ഇന്ത്യ പ്രതിസന്ധി ഉൾപ്പെടെയുള്ള കടുത്ത വെല്ലുവിളികളാണ്.
മുംബൈ: ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചതിനെ തുടർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ പ്രകാരം അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചാണ് അടുത്ത ചെയർമാനെ തെരഞ്ഞെടുക്കുക. സെലക്ഷൻ പാനൽ നിർദേശിക്കുന്ന വ്യക്തിയെ ചെയർമാനായി നിയമിക്കാൻ ടാറ്റാ സൺസ് ബോർഡിന് അധികാരമുണ്ട്. അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന പേര് ടാറ്റ സ്റ്റീൽ എംഡിയും സിഇഒയുമായ ടി.വി. നരേന്ദ്രന്റേതാണ്.
ഇദ്ദേഹം 1980-കൾ മുതൽ ടാറ്റാ ഗ്രൂപ്പിന് കീഴിൽ പ്രധാന ചുമതലകൾ വഹിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ സ്വദേശിയാണ്. പഴയ കൊച്ചി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കൊച്ചുമകനാണ്. അതേസമയം ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് എം.ഡി ശൈലേഷ് ചന്ദ്രയുടെ പേരും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഇപ്പോഴത്തെ ചട്ടപ്രകാരം ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയ്ക്ക് ടാറ്റാ സൺസ് ചെയർമാൻ പദവി ഏറ്റെടുക്കാൻ കഴിയില്ല. 2022-ൽ വരുത്തിയ ചട്ട ഭേദഗതി പ്രകാരം ഇരു പദവികളും ഒരാൾക്ക് ഒരേസമയം വഹിക്കാൻ സാധിക്കില്ല.
എയർ ഇന്ത്യ നേരിടുന്ന പ്രവർത്തന പ്രതിസന്ധികൾ, ടിസിഎസിന്റെ ഓഹരി വിലയിലെ ചാഞ്ചാട്ടം, ആഡംബര കാർ ബ്രാൻഡായ ജെഎൽആറിൽ സൈബർ ആക്രമണം മൂലം ഉൽപ്പാദനം നിർത്തിവെക്കേണ്ടി വന്ന സംഭവം, ഒപ്പം ടാറ്റാ സൺസിന്റെ ഐപിഒ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കൽ എന്നിവയാണ് പുതിയ ചെയർമാനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികൾ.


