ഇന്ത്യക്കാര്‍ക്ക് മുന്നില്‍ വന്‍ ഓഫര്‍ വച്ച് ആമസോണ്‍ സിഇഒ; ജെഫ് ബെസോസിന്റെ പ്രഖ്യാപനം അതിശയിപ്പിക്കുന്നത്

By Web TeamFirst Published Jan 17, 2020, 5:15 PM IST
Highlights

ചെറുകിട കച്ചവടക്കാരെ ഓൺലൈൻ പ്രതലത്തിലേക്ക് എത്തിക്കാൻ ഏഴായിരം കോടി രൂപ നിക്ഷേപിക്കുമെന്ന് ബുധനാഴ്ച ജെഫ് ബെസോസ് പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരു: 2025ഓടെ ഇന്ത്യയിൽ പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് ആമസോൺ സിഇഒ ജെഫ് ബെസോസ്. അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ് എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ജെഫ് ബെസോസ് പറഞ്ഞു. ഇന്ത്യയിൽ മൂന്നു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

ചെറുകിട കച്ചവടക്കാരെ ഓൺലൈൻ പ്രതലത്തിലേക്ക് എത്തിക്കാൻ ഏഴായിരം കോടി രൂപ നിക്ഷേപിക്കുമെന്ന് ബുധനാഴ്ച ജെഫ് ബെസോസ് പ്രഖ്യാപിച്ചിരുന്നു. 2014 മുതൽ ഇതുവരെ 5.5 ബില്യൺ ഡോളർ ഇന്ത്യൻ വിപണിയിൽ കമ്പനി നിക്ഷേപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒരു ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനാണ് ആമസോണിന്റെ നീക്കം.

അതേസമയം, ഈ നിക്ഷേപം ഇന്ത്യയ്ക്ക് ചെയ്യുന്ന സഹായമല്ലെന്നും മറിച്ച് ലാഭമുണ്ടാക്കാൻ വേണ്ടിയുള്ളതാണെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചിരുന്നു. ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ ചെറുകിട കച്ചവടക്കാരുടെ പരാതി കോംപിറ്റീഷൻ കമ്മിഷൻ ഇന്ത്യ പരിഗണിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരുടെ ഭാഗത്തുനിന്ന് ഏറ്റവും ശക്തമായ എതിർപ്പാണ് ഓൺലൈൻ കച്ചവട ഭീമൻമാരായ ആമസോണിനും ഫ്ലിപ്‌കാർട്ടിനും എതിരെ ഉയരുന്നത്. കമ്പനികൾ ഉയർന്ന ഡിസ്കൗണ്ട് നൽകി വിപണി കീഴടക്കുന്നുവെന്നും ചെറുകിട കച്ചവടക്കാരുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണെന്നുമാണ് കച്ചവടക്കാർ ഉയർത്തുന്ന പ്രധാന ആരോപണം. 

click me!