ഇന്ത്യക്ക് പുറത്ത് ആദ്യമായി പാൽ വിൽക്കാൻ അമുൽ; 'ടേസ്റ്റ് ഓഫ് ഇന്ത്യ' കടൽ കടക്കും

By Web TeamFirst Published Mar 26, 2024, 4:16 PM IST
Highlights

ഒരാഴ്ചയ്ക്കുള്ളിൽ അമുൽ ഫ്രഷ്, അമുൽ ഗോൾഡ്, അമുൽ ശക്തി, അമുൽ സ്ലിം   എന്നിവ യുഎസ് വിപണിയിൽ ലഭ്യമാകും. ന്യൂയോർക്ക്, ന്യൂജേഴ്‌സി, ചിക്കാഗോ, വാഷിംഗ്ടൺ, ഡാളസ്, ടെക്‌സസ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലും പുതിയ പാൽ ലഭ്യമാകും

 രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപാദക  കമ്പനിയായ അമുൽ ഇന്ത്യക്ക് പുറത്ത് ആദ്യമായി പാൽ വിൽക്കുന്നു. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) യുഎസ് വിപണിയിൽ ഒരാഴ്ചയ്ക്കുള്ളിൽ നാല് ഇനം പാൽ നൽകും. ഈ സംരംഭത്തിലൂടെ, രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ  ആവശ്യങ്ങൾക്കനുസരിച്ച് പാൽ ഉൽപ്പന്നങ്ങൾ  വിതരണം  ചെയ്യാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. പാൽ ഉൽപ്പന്നങ്ങൾ നേരത്തെ തന്നെ അമുൽ കയറ്റി അയക്കുന്നുണ്ട്.

  108 വർഷം പഴക്കമുള്ള സഹകരണ സംഘടനയായ മിഷിഗൺ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി (എംഎംപിഎ) പുതിയ പാൽ യുഎസ് വിപണിയിൽ അവതരിപ്പിക്കാൻ ജിസിഎംഎംഎഫ് കരാർ ഒപ്പിട്ടു. പാൽ ശേഖരണവും സംസ്കരണവും എംഎംപിഎയും, മാർക്കറ്റിംഗും ബ്രാൻഡിംഗും ജിസിഎംഎംഎഫും നിർവഹിക്കും.

 ഒരാഴ്ചയ്ക്കുള്ളിൽ അമുൽ ഫ്രഷ്, അമുൽ ഗോൾഡ്, അമുൽ ശക്തി, അമുൽ സ്ലിം   എന്നിവ യുഎസ് വിപണിയിൽ ലഭ്യമാകും. ന്യൂയോർക്ക്, ന്യൂജേഴ്‌സി, ചിക്കാഗോ, വാഷിംഗ്ടൺ, ഡാളസ്, ടെക്‌സസ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലും പുതിയ പാൽ ലഭ്യമാകും.  സമീപഭാവിയിൽ ചീസ്, തൈര്, മോര് തുടങ്ങിയ പുതിയ പാൽ ഉൽപന്നങ്ങളും ജിസിഎംഎംഎഫ് അവതരിപ്പിക്കും. 2022-23 സാമ്പത്തിക വർഷത്തിൽ, ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ വിറ്റുവരവ് ഏകദേശം 55,000 കോടി രൂപയാണ്. ഇത് മുൻ വർഷത്തേക്കാൾ 18.5 ശതമാനം കൂടുതലാണ്.ജിസിഎംഎംഎഫ്  50 രാജ്യങ്ങളിലേക്ക് പാലുൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
 

tags
click me!