ആത്മഹത്യകള്‍ വര്‍ധിക്കുന്നു; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്കേര്‍പ്പെടുത്തി ഈ സംസ്ഥാനം

By Web TeamFirst Published Oct 31, 2020, 8:36 AM IST
Highlights

സംസ്ഥാനത്ത് ഇത്തരം വഴികളില്‍ പണം നഷ്ടപ്പെട്ടവരുടെ ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. 

ദില്ലി: ആന്ധ്രപ്രദേശില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്കേര്‍പ്പെടുത്തി ജഗന്‍മോഹന്‍ സര്‍ക്കാര്‍. 132 വെബ്‌സൈറ്റുകളും ആപ്പുകളും വിലക്കാന്‍ നിര്‍ദേശിച്ച് എല്ലാ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും മുഖ്യമന്ത്രി കത്തയച്ചു. പേടിഎം ഫസ്റ്റ് ഗെയിം, മൊബൈല്‍ പ്രീമിയര്‍ ലീഗ് എന്നിവയ്ക്കടക്കം വിലക്കേര്‍പ്പെടുത്തി.

ഒക്ടോബര്‍ 27 ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനയച്ച കത്തില്‍ മുഖ്യമന്ത്രി ഈ വിഷയത്തിലുള്ള ആശങ്ക വ്യക്തമാക്കിയിരുന്നു. 132 വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും പട്ടികയും സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ ഡ്രീം 11 ഉള്‍പ്പെട്ടിട്ടില്ല. ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സറാണ് ഡ്രീം 11. 

ആന്ധ്രപ്രദേശ് ഗെയിമിങ് നിയമം 1974 ല്‍ ഭേദഗതി വരുത്തിയെന്നും ജഗന്‍ മോഹന്‍ വ്യക്തമാക്കി. 2020 സെപ്റ്റംബര്‍ 25 ന് ഇതിന്റെ വിജ്ഞാപനവും പുറത്തുവിട്ടു. സംസ്ഥാനത്ത് ഇത്തരം വഴികളില്‍ പണം നഷ്ടപ്പെട്ടവരുടെ ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
 

click me!