
ക്ലോഡ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വികസിപ്പിക്കുന്ന ആന്ത്രോപിക് 2026-ലെ ആദ്യ ആറുമാസത്തിനിടെ 80.7 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഓഹരി വിപണിയിലേക്കുള്ള പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് കമ്പനിയുടെ സാമ്പത്തിക കണക്കുകൾ പുറത്തുവന്നത്. എന്നാൽ, ഈ നഷ്ടത്തിന്റെ ഭൂരിഭാഗവും യഥാർഥ പണനഷ്ടമല്ലെന്നതാണ് ശ്രദ്ധേയം. അക്കൗണ്ടിങ് രീതികളുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ് നഷ്ടക്കണക്കിൽ പ്രധാന പങ്കുവഹിക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ കമ്പനിയുടെ കരട് ഐപിഒ രേഖയിലാണ് നഷ്ടക്കണക്ക് വ്യക്തമാക്കുന്നത് എന്ന് ദ വാൾസ്ട്രീറ്റ് ജേണലിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ ടെക്ക് റിപ്പോർട്ട് ചെയ്യുന്നു. പൊതുജനങ്ങൾക്ക് ഓഹരികൾ വിൽക്കുന്നതിന് മുന്നോടിയായി തയ്യാറാക്കുന്ന രേഖയാണിത്. റിപ്പോർട്ട് ചെയ്ത 80.7 ബില്യൺ ഡോളറിന്റെ നഷ്ടത്തിൽ ഏകദേശം 72 ബില്യൺ ഡോളറും സാമ്പത്തിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടിങ് ചെലവുകളാണ്. കമ്പനിക്ക് പിന്നീട് ഓഹരികളാക്കി മാറ്റാൻ കഴിയുന്ന വായ്പകളാണ് കൺവേർട്ടിബിൾ നോട്ടുകൾ. കമ്പനിയുടെ മൂല്യനിർണയത്തിൽ മാറ്റമുണ്ടാകുമ്പോൾ ഇത്തരം സാമ്പത്തിക ഉപകരണങ്ങളുടെ മൂല്യത്തിലും മാറ്റമുണ്ടാകും. ഇതുമൂലം യഥാർഥത്തിൽ അത്രയും തുക ചെലവഴിക്കാതെയും അക്കൗണ്ടിങ് നഷ്ടം രേഖപ്പെടുത്തേണ്ടിവരാം.
അക്കൗണ്ടിങ് മാറ്റങ്ങൾ മാറ്റിനിർത്തിയാലും നിർമിതബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ചെലവ് കമ്പനിക്ക് വലിയ വെല്ലുവിളിയാണ്. 2026-ലെ ആദ്യ ആറുമാസത്തിനിടെ കമ്പനി ഏകദേശം 9 ബില്യൺ ഡോളർ കമ്പ്യൂട്ടിങ് അടിസ്ഥാനസൗകര്യങ്ങൾക്കായി ചെലവഴിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം നാലിരട്ടിയാണിത്. അതേസമയം, കമ്പനിയുടെ വരുമാനം വൻതോതിൽ ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.1 ബില്യൺ ഡോളറായിരുന്ന വരുമാനം ഇത്തവണ 16.3 ബില്യൺ ഡോളറായി വർധിച്ചു.
സോഫ്റ്റ്വെയറുകളും ആപ്ലിക്കേഷനുകളും വികസിപ്പിക്കാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻറ് ഉപകരണമായ ക്ലോഡ് കോഡിന്റെ ജനപ്രീതിയാണ് ആന്ത്രോപിക്കിന്റെ വളർച്ചയ്ക്ക് പ്രധാന പിന്തുണയാകുന്നത്. എന്നാൽ, എഐ മോഡലുകൾ പരിശീലിപ്പിക്കാനും പ്രവർത്തിപ്പിക്കാനും വലിയ കമ്പ്യൂട്ടിങ് ശേഷി ആവശ്യമാണ്. ഇതിനായി ചിപ്പുകൾ, ഡാറ്റാ സെന്ററുകൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ വൻതുക നിക്ഷേപിക്കേണ്ടിവരുന്നു. വരും വർഷങ്ങളിൽ കമ്പ്യൂട്ടിങ് ശേഷി ഉറപ്പാക്കുന്നതിനായി 750 ബില്യൺ ഡോളർ വരെ ചെലവഴിക്കാനുള്ള പദ്ധതികളും കമ്പനി പരിഗണിക്കുന്നുണ്ട്. ഇതിൽ ചില കരാറുകൾ ഇപ്പോഴും ചർച്ചയിലാണ്.
നവംബറിൽ പ്രാഥമിക ഓഹരി വിൽപ്പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, അടുത്തിടെ നടന്ന നിക്ഷേപക സംഗമത്തിൽ ചില നിക്ഷേപകർ കമ്പനിയുടെ മൂല്യം ഏകദേശം 1.5 ട്രില്യൺ ഡോളറായി വിലയിരുത്തി. നേരത്തേ പ്രതീക്ഷിച്ചിരുന്ന 2 ട്രില്യൺ ഡോളറിനേക്കാൾ കുറവാണിത്. വൻതോതിലുള്ള നിക്ഷേപങ്ങൾ ഭാവിയിൽ എത്രത്തോളം വരുമാന വളർച്ചയിലേക്ക് മാറുമെന്നതാണ് പ്രധാന ചോദ്യം. എഐ സേവനങ്ങളുടെ ആവശ്യകത ഉയരുമ്പോഴും അതിനനുസരിച്ച് വരുമാനം വർധിക്കുമെന്നതിന് ഉറപ്പില്ല.
സാമ്പത്തിക വെല്ലുവിളികൾക്കൊപ്പം സുരക്ഷാ ആശങ്കകളും ആന്ത്രോപിക്കിന്റെ ഐപിഒയെ ബാധിച്ചേക്കാം. നിയന്ത്രണം നഷ്ടപ്പെട്ട എഐ സംവിധാനങ്ങൾ സൈബർ ആക്രമണങ്ങൾക്കും ബ്ലാക്ക്മെയിലിങ്ങിനും കാരണമാകാനുള്ള സാധ്യത കരട് രേഖയിൽ മുന്നറിയിപ്പായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായ സുരക്ഷാ വീഴ്ചകൾക്കും സാധ്യതയുണ്ടെന്ന് രേഖ വ്യക്തമാക്കുന്നു. കൂടാതെ, പരിമിതമായ എണ്ണം വൻകിട ഉപഭോക്താക്കളെ ആശ്രയിക്കുന്നതും കമ്പനിക്ക് അപകടസാധ്യത സൃആർട്ടിഫിഷ്യൽ ഇന്റലിജൻക്കുന്നു. വരുമാനം അതിവേഗം ഉയരുമ്പോഴും നിർമിതബുദ്ധി മേഖലയിൽ മുന്നേറാൻ ആവശ്യമായ വൻ നിക്ഷേപങ്ങളും സുരക്ഷാ വെല്ലുവിളികളും ആന്ത്രോപിക്കിന്റെ ഭാവി വളർച്ചയെയും ഓഹരി വിപണിയിലെ മൂല്യനിർണയത്തെയും നിർണയിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കും.