ടിം കുക്കിന്റെ ശമ്പളം വെട്ടിക്കുറച്ച് ആപ്പിൾ; ഇനി നൽകുക പകുതി മാത്രം

By Web TeamFirst Published Jan 13, 2023, 12:49 PM IST
Highlights

ആപ്പിൾ സിഇഒയുടെ ശമ്പളം പകുതിയാക്കി. ടിം കുക്കിന്റെ പുതിയ ശമ്പളം 399 കോടി രൂപ. ശമ്പളം വെട്ടികുറയ്ക്കാനുള്ള കാരണം ഇതാണ്     
 

സാൻഫ്രാന്സിസ്കോ: ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്കിന്റെ ശമ്പളം 50 ശതമാനത്തോളം വെട്ടിക്കുറച്ചു. ടിം കുക്കിന്റെ ആവശ്യ പ്രകാരവും നിക്ഷേപകരുടെ നിര്ദേശപ്രകാരവുമാണ് ശമ്പളം വെട്ടികുറച്ചതെന്നാണ് റിപ്പോർട്ട്. 

ടിം കുക്കിന്റെ പുതുക്കിയ ശമ്പളം മൊത്തത്തിൽ 49 മില്യൺ യുഎസ് ഡോളറായിരിക്കുമെന്ന് (399 കോടി രൂപ) എസ്ഇസിക്ക് നൽകിയ ഫയലിംഗിൽ ആപ്പിൾ പറഞ്ഞു. ഇതിൽ 3 ദശലക്ഷം ഡോളർ അടിസ്ഥാന ശമ്പളവും 6 ദശലക്ഷം ബോണസും 40 ദശലക്ഷം യുഎസ് ഡോളറിന്റെ ഇക്വിറ്റി മൂല്യവും ഉൾപ്പെടുന്നു. 

ഇതിനുപുറമെ, ആപ്പിളിന്റെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്ന കുക്കിന്റെ ഓഹരി യൂണിറ്റുകളുടെ ശതമാനവും മുമ്പത്തെ 50 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയരും.
 
ടിം കുക്കിന്റെ മുൻ ശമ്പളം ഏകദേശം 805 കോടിയോളം രൂപയായിരുന്നു (99.4 മില്യൺ ഡോളർ). ഇതിൽ 3 മില്യൺ ഡോളറിന്റെ അടിസ്ഥാന ശമ്പളവും ബോണസ്, ഓഹരികൾ എന്നിവയുടെ രൂപത്തിൽ ഏകദേശം 83 മില്യൺ യുഎസ് ഡോളറും ഉൾപ്പെടുന്നു. 2021-ൽ, ടിം കുക്കിന്റെ മൊത്തം  ശമ്പള പാക്കേജ് ഏകദേശം 98.7 ദശലക്ഷം യുഎസ് ഡോളറായിരുന്നു. 

2022 ൽ, ടിം കുക്കിന്റെ വമ്പിച്ച ശമ്പള പാക്കേജിനെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകർ പ്രകടിപ്പിച്ചിരുന്നു. 2021-ൽ കുക്കിന് ലഭിച്ച ഓഹരിയിൽ കാര്യമായ ആശങ്ക പ്രകടിപ്പിച്ചതായി ഷെയർഹോൾഡർ അഡ്വൈസറി ഗ്രൂപ്പായ ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർഹോൾഡർ സർവീസസ് (ഐഎസ്എസ്) പറഞ്ഞു.

ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലൂക്കാ മേസ്‌ട്രി, ജനറൽ കൗൺസൽ കേറ്റ് ആഡംസ്, റീട്ടെയിൽ മേധാവി ഡെയ്‌ഡ്രെ ഒബ്രിയൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് വില്യംസ് എന്നിവരുടെ ശമ്പളവും ആപ്പിൾ വെളിപ്പെടുത്തി. എക്‌സിക്യൂട്ടീവുകൾക്കെല്ലാം ഏകദേശം 27 മില്യൺ ഡോളർ ആണ് ശമ്പളം. മുൻ വർഷത്തേക്കാൾ നേരിയ വർദ്ധനവുണ്ട് ഇതിൽ. 

click me!