കൊവിഡ് ചികിത്സാ സാമഗ്രികളുടെ ജിഎസ്ടി ഇളവ് പഠിക്കാൻ മന്ത്രിസഭാ സമിതിയെ നിയോഗിച്ചു

By Web TeamFirst Published May 30, 2021, 4:38 PM IST
Highlights

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സാമഗ്രികൾക്ക് നികുതി ഇളവ് വേണമെന്ന ആവശ്യം പഠിക്കാൻ മന്ത്രിസഭാ സമിതിയെ നിയോഗിച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയാണ് ഇതിനെ നയിക്കുക. കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗ തീരുമാനം പ്രകാരമാണ് നടപടി.

ദില്ലി: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സാമഗ്രികൾക്ക് നികുതി ഇളവ് വേണമെന്ന ആവശ്യം പഠിക്കാൻ മന്ത്രിസഭാ സമിതിയെ നിയോഗിച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയാണ് ഇതിനെ നയിക്കുക. കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗ തീരുമാനം പ്രകാരമാണ് നടപടി.

ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എട്ടംഗ സമിതിയാണ് വിഷയം പഠിക്കുക. ഈ സമിതി ജൂൺ എട്ടിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കും. സാങ്മയായിരിക്കും സമിതിയിലെ കൺവീനർ. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻഭായി പട്ടേൽ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ഗോവയിലെ മന്ത്രി മൗവിൻ ഗൊഡിഞ്ഞോ, കേരള ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ, ഒഡിഷ ധനകാര്യ മന്ത്രി നിരഞ്ജൻ പുജാരി, തെലങ്കാന ധനകാര്യ മന്ത്രി ടി ഹരീഷ് റാവു, യുപി ധനകാര്യ മന്ത്രി സുരേഷ് ഖന്ന എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

ഇളവ് നൽകേണ്ട സാമഗ്രികളുടെ കാര്യത്തിൽ സമിതി പ്രത്യേക പരിശോധന നടത്തും. കൊവിഡ് വാക്സീൻ, മരുന്നുകൾ, ചികിത്സാ സാമഗ്രികൾ, ടെസ്റ്റിങ് കിറ്റ്, പൾസ് ഓക്സിമീറ്റർ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, സാനിറ്റൈസർ, കോൺസെൻട്രേറ്റർ, മാസ്ക് തുടങ്ങിയവയുടെ കാര്യം സമിതി പരിശോധിക്കും. വെള്ളിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഏഴ് സംസ്ഥാനങ്ങൾ ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ നികുതി ഇളവ് ആവശ്യപ്പെട്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!