റിസർവ് ബാങ്ക് ഉത്തരവിനെതിരെ എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും സുപ്രീം കോടതിയിൽ

By Web TeamFirst Published May 30, 2021, 4:31 PM IST
Highlights

റിസർവ് ബാങ്കിനെതിരെ എച്ച്ഡിഎഫ്സി ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയെ സമീപിച്ചു. വിവരാവകാശ നിയമപ്രകാരം സാമ്പത്തിക വിവരങ്ങൾ നൽകണമെന്ന നിർദ്ദേശത്തിനെതിരെയാണ് ഹർജി. 

ദില്ലി: റിസർവ് ബാങ്കിനെതിരെ എച്ച്ഡിഎഫ്സി ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയെ സമീപിച്ചു. വിവരാവകാശ നിയമപ്രകാരം സാമ്പത്തിക വിവരങ്ങൾ നൽകണമെന്ന നിർദ്ദേശത്തിനെതിരെയാണ് ഹർജി. ഉപഭോക്താക്കളുടെ വിവരങ്ങൾ നൽകേണ്ടി വരുന്നത് തങ്ങളുടെ ബാങ്കിങ് ബിസിനസിൽ തിരിച്ചടിയാകുമെന്നാണ് ബാങ്കുകൾ ഭയക്കുന്നത്.

ജസ്റ്റിസുമാരായ എൽഎൻ റാവുവും അനിരുദ്ധ ബോസും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി കേട്ടത്. എസ്ബിഐയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഭാഗമായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും ഹാജരായി. പരിശോധന വിവരങ്ങളും റിസ്ക് അസസ്മെന്റ് റിപ്പോർട്ടുകളും വാർഷിക സാമ്പത്തിക പരിശോധനാ വിവരങ്ങളും പുറത്തുവിടുന്നത് മത്സരാധിഷ്ടിത ബാങ്കിങ് രംഗത്ത് എതിരാളികൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ഇരുവരും വാദിച്ചു. എതിരാളികൾ ട്രേഡ് സീക്രട്ട് മനസിലാക്കാൻ ആർടിഐ ആക്ടിനെ ദുരുപയോഗം ചെയ്യുമെന്നും ഇവർ ചൂണ്ടിക്കാട്ടി.

റിസർവ് ബാങ്ക് ഉത്തരവിനെതിരെയാണ് ഹർജിയെങ്കിലും ഫലത്തിൽ 2015 ലെ സുപ്രീം കോടതി വിധിയെയാണ് ഇതിലൂടെ ചോദ്യം ചെയ്യുന്നത്. 2015 ലെ സുപ്രീം കോടതി ഉത്തരവിൽ റിസർവ് ബാങ്കിനോട് വാർഷിക പരിശോധനാ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം പുറത്തുവിടാൻ പരമോന്നത കോടതി നിർദ്ദേശം നൽകിയിരുന്നു. 

നിക്ഷേപകരുടെയും പൊതുജനത്തിന്റെയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയോടും ബാങ്കിങ് സെക്ടറിനോട് തന്നെയും ഊയർന്ന പ്രതിബദ്ധത റിസർവ് ബാങ്ക് പുലർത്തേണ്ടതുണ്ടെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!