കോണ്ടം ഹബ്ബായി ഔറംഗാബാദ്; ഒരുമാസത്തിനിടെ 36 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് 100 മില്യണ്‍ കോണ്ടം

By Web TeamFirst Published Jan 14, 2023, 12:52 PM IST
Highlights

ഒരുമാസത്തിനിടെ 36 രാജ്യങ്ങളിലേക്കായി 100 ദശലക്ഷം കോണ്ടമാണ് ഔറംഗാബാദില്‍ നിന്ന് മാത്രം കയറ്റി അയച്ചിട്ടുള്ളത്

ഔറംഗാബാദ്: വ്യവസായ മേഖലയില്‍ ഓട്ടോ ഹബ്ബ് എന്നാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദ് അറിയപ്പെട്ടിരുന്നത്. ബജാജ്, സ്കോഡ, എന്‍ഡ്യുറന്‍സ് ടെക്നോളജീസ് അടക്കമുള്ള വാഹന വ്യവസായ കമ്പനികളുടെ ആസ്ഥാനമാണ് ഔറംഗബാദ്. എന്നാല്‍  അടുത്തിടെ കോണ്ടം കയറ്റുമതിയുടെ പേരിലാണ് ഔറംഗാബാദ് അറിയപ്പെടുന്നത്. ഒരുമാസത്തിനിടെ 36 രാജ്യങ്ങളിലേക്കായി 100 ദശലക്ഷം കോണ്ടമാണ് ഔറംഗാബാദില്‍ നിന്ന് മാത്രം കയറ്റി അയച്ചിട്ടുള്ളതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പത്ത് കോണ്ടം ഫാക്ടറികളില്‍ ആറെണ്ണവും ആസ്ഥാനമാക്കിയിട്ടുള്ളത് ഔറംഗാബാദ്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കോണ്ടം നിര്‍മ്മാണത്തിന് ആവശ്യമായ റബ്ബര്‍ ഔറംഗബാദിലേക്ക് എത്തിക്കുന്നത്. ഓരോ മാസവും 100 ദശലക്ഷം കോണ്ടം നിര്‍മ്മിക്കുന്ന നിലയിലേക്കാണ് ഔറംഗബാദ് എത്തിയിട്ടുള്ളത്. യൂറോപ്പ്, ആഫ്രിക്ക,  ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കാണ് ഔറംഗാബാദില്‍ നിന്നും കോണ്ടം കയറ്റി അയക്കുന്നത്.

ചില ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് കോണ്ടം കയറ്റുമതിയുണ്ട്. ഓരോ വര്‍ഷവും 200 മുതല്‍ 300 കോടിയുടെ ബിസിനസാണ് ഈ മേഖലയില്‍ നിന്നുള്ള വരുമാനമായി ഔറംഗാബാദിന് ലഭിക്കുന്നത്. രണ്ടായിരത്തിലേറെ പേരാണ് കോണ്ടം നിര്‍മ്മാണ മേഖലയില്‍ ഔറംഗബാദില്‍ പ്രവര്‍ത്തിക്കുന്നത്.

കാമസൂത്ര മുതല്‍ നൈറ്റ റൈഡേഴ്സ് മുതലുള്ളവയ്ക്ക് പുറമേ 50 ഓളം ഫ്ലേവേര്‍ഡ് കോണ്ടവും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. ദേശീയ കുടുംബാസൂത്രണ പദ്ധതിയായിരുന്ന 'ചെറിയ കുടുംബം സന്തുഷ്ട കുടുംബ'ത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രൂപം നൽകിയത് 1950 കളിലായിരുന്നു. ഗർഭ നിരോധന ഉറകൾക്ക് അഥവാ കോണ്ടത്തിന് പ്രചാരമേറുന്നത് ഇതിന്റെ ഭാഗമായാണ്

click me!