പഴയ വീട് വിൽക്കുമ്പോൾ നികുതിയിൽ നിന്നും ഇളവ് നേടാം. വരുമാനത്തിന്റെ ഈയൊരു ഭാഗം നികുതിയായി നൽകുന്നതിന് പകരം അതിൽ നേടാനാകുന്ന ഇളവുകൾ കുറിച്ച് അറിഞ്ഞിരിക്കൂ
രാജ്യത്ത് വാർഷിക വരുമാനത്തിന് മുകളിൽ നികുതി അടയ്ക്കുന്നവർ അവരുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ആദായനികുതിയായി സർക്കാരിലേക്ക് നൽകുകയാണ്. എന്നാൽ വീട്, സ്ഥലം പോലെയുള്ള, നിങ്ങളുടെ കൈവശം രണ്ട് വർഷത്തിൽ കൂടുതൽ ഉണ്ടായിരുന്ന ആസ്തി വിൽക്കുമ്പോൾ അതിൽ നിന്നും കിട്ടുന്ന വരുമാനം നികുതി വിധേയമാകുമോ? ഉത്തരം അതെ എന്നാണ്. ഇങ്ങനെ സ്വത്തുക്കൾ വിൽക്കുന്നതിലൂടെ നിങ്ങൾ ലാഭം നേടുകയാണെങ്കിൽ, ആ വരുമാനവും നികുതി വിധേയമാണ്, ഇങ്ങനെ ലഭിക്കുന്ന ലാഭത്തെ ദീർഘകാല മൂലധന നേട്ടം (LTCG) എന്നാണ് കണക്കാക്കുക. ഇതിന് 20.8 ശതമാനം നികുതിയുണ്ട്. എന്നിരുന്നാലും, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നികുതിയിൽ നിന്നും ഇളവ് നേടാൻ സാധിക്കും. ഒരു പഴയ വീട് വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന നിങ്ങളുടെ വരുമാനത്തിന് മുകളിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ ഈ കാര്യങ്ങൾ ഓർത്തുവെക്കുക.
ആദായനികുതി നിയമത്തിലെ സെക്ഷൻ 54 പ്രകാരം, ഒരു പഴയ വീട് വിറ്റുകിട്ടുന്ന തുക മറ്റൊരു വീട് വാങ്ങുന്നതിനായി നിക്ഷേപിച്ചാൽ ദീർഘകാല മൂലധന നേട്ടത്തിന് നികുതി ഇളവ് ലഭിക്കും. എന്നാൽ, ഇതിനും ചില നിബന്ധനകൾ ഉണ്ട്. അതായത്, വിൽക്കുന്ന വീട്, ദീർഘകാല മൂലധന ആസ്തി ആയിരിക്കണം. എന്നുവെച്ചാൽ ആ ആസ്തി വിൽക്കുന്നതിന് മുമ്പ് 24 മാസത്തിലധികം കൈവശം വച്ചിരിക്കണം.
ആസ്തിയുടെ വിലാപനയ്ക്ക് ശേഷം നികുതി ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പഴയ വീടിന്റെ കൈമാറ്റ തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ മറ്റൊരു വീട് വാങ്ങിയിരിക്കണം. നികുതി അടക്കാതിരിക്കാൻ പഴയ വസ്തു വിറ്റ് മൂന്ന് വർഷത്തിനുള്ളിൽ പുതിയ വീട് നിർമ്മിച്ചാലും മതി. ഇങ്ങനെയും നികുതിയിൽ നിന്നും ഇളവ് നേടാം.
പഴയ വസ്തു വിറ്റതിന് ശേഷം ഒന്നിൽ കൂടുതൽ വീട് വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യുകയാണെങ്കിൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 54 പ്രകാരം എൽടിസിജി നികുതി ഇളവ് ലഭിക്കുന്നു. എന്നിരുന്നാലും, ഈ ആനുകൂല്യം ലഭിക്കുന്നതിന് ദീർഘകാല മൂലധന നേട്ടം 2 കോടി കവിയാൻ പാടില്ല. മാത്രമല്ല, ഒരു നികുതിദായകന് ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഈ ഇളവ് ലഭിക്കൂ.
മുൻപ് ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ മാത്രമേ ഈ ആനുകൂല്യം ലഭ്യമായിരുന്നുള്ളൂ, എന്നാൽ 2021-22 മൂല്യനിർണ്ണയ വർഷം മുതൽ ഒന്നിലധികം വസ്തുക്കൾ വാങ്ങുന്നതിനും നിർമ്മിക്കുന്നതിനും ഇളവുകൾ ലഭിക്കും.