സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയവ തങ്ങളുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്
തിരുവനന്തപുരം: പുതിയ വർഷത്തിന്റെ രണ്ടാമത്തെ മാസത്തിലേക്ക് കടന്നതോടെ നിരവധി ബാങ്കുകളാണ് അവരുടെ ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഇക്കൂട്ടത്തിലുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയവ തങ്ങളുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.
എസ്ബിഐ
ഐഎംപിഎസ് ഇടപാടുകളുടെ പരിധി ഉയർത്തി. ഫെബ്രുവരി ഒന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ഇടപാട് ഐഎംപിഎസ് വഴി നടത്താം.
രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള ഐഎംപിഎസ് ഇടപാടുകൾക്ക് രണ്ട് മുതൽ 12 രൂപ വരെ സർവീസ് ചാർജും നികുതിയും ഉപഭോക്താവ് അധികമായി നൽകണം.
രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയുള്ള ഐഎംപിഎസ് ഇടപാടുകൾക്ക് 20 രൂപയും ജിഎസ്ടിയും സർവീസ് ചാർജായി ഈടാക്കും
നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യോനോ എന്നിവ വഴി നടത്തുന്ന ഐഎംപിഎസ് ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കില്ല
ബാങ്ക് ഓഫ് ബറോഡ
ചെക്ക് നിയമം മാറ്റി. പോസിറ്റീസ് പേ സംവിധാനം ഏർപ്പെടുത്തി. തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താനാണിത്. അക്കൗണ്ട് ഉടമകൾ മറ്റൊരാൾക്ക് ചെക്ക് നൽകിയാൽ, അക്കാര്യം ബാങ്കിനെ അറിയിക്കുകയാണെങ്കിൽ തട്ടിപ്പ് കുറയ്ക്കാൻ കഴിയും.
ഐസിഐസിഐ ബാങ്ക്
ക്രഡിറ്റ് കാർഡിന്റെ ഫീസ് വർധിപ്പിക്കും. ഫെബ്രുവരി പത്ത് മുതൽ ഇടപാടിന് 10 രൂപ ബാങ്കിന് നൽകണം.
കുറഞ്ഞത് 500 രൂപയുടെ ചെക്കോ, ഓട്ടോ പേമെന്റുകളോ മടങ്ങിയാൽ ആകെ തുകയുടെ രണ്ട് ശതമാനം ബാങ്ക് ഈടാക്കും. ഇതിന് പുറമെ 50 രൂപയും ജിഎസ്ടിയും ബാങ്ക് ഈടാക്കും.
പഞ്ചാബ് നാഷണൽ ബാങ്ക്
ഇഎംഐ മുടങ്ങിയാൽ 250 രൂപ പിഴയീടാക്കും. നേരത്തെ ഇത് 100 രൂപയായിരുന്നു.