
സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുണ്ടോ? ജ്വല്ലറിയിൽ പോയി സ്വർണാഭരണോ, സ്വർണ്ണനാണയമോ വാങ്ങി വെക്കുന്നതിനേക്കാൾ മികച്ച നിക്ഷേപ രീതികൾ വേറെയുണ്ട്. ഏറ്റവും മികച്ച നാല് ഓപ്‌ഷനുകളെ പരിചയപ്പെടാം.
ഡിജിറ്റൽ ഗോൾഡ്
സ്വർണത്തിൽ നിക്ഷേപിച്ച് പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് ഡിജിറ്റൽ ഗോൾഡ്. ഫിസിക്കൽ സ്വർണ്ണത്തിന്റെ വിപണി വിലതന്നെയാണ്, ഇത്തരം നിക്ഷേപത്തിന്റെ വരുമാനവും നിർണ്ണയിക്കുന്നത് എന്നതിനാൽ സ്വർണ്ണവിലകുറയുമെന്ന ആശങ്കയും വേണ്ട. ഡിജിറ്റൽ ഗോൾഡ് 100% ശുദ്ധവും, സുരക്ഷിതമായി സൂക്ഷിക്കാവുന്നതുമാണ്.മാത്രമല്ല ഈ നിക്ഷേപത്തിന് പൂർണ്ണമായി ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. മൊബൈൽ ഇ-വാലറ്റുകൾ, ബ്രോക്കറേജ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ പോലുള്ള വെബ്‌സൈറ്റുകളിൽ നിന്നോ, വിശ്വാസ്യതയുള്ള കമ്പനികളിലൂടെയോ നിങ്ങൾക്ക് സ്വർണ്ണം വാങ്ങാം.
ഗോൾഡ് ഇടിഎഫുകൾ
ഹ്രസ്വകാല നിക്ഷേപത്തിന് താത്പര്യമുള്ളവർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് ഗോൾഡ് ഇടിഎഫുകൾ. മാത്രമല്ല നിക്ഷേപം ഏറ്റവും എളുപ്പത്തിൽ പണമാക്കി മാറ്റാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും ഇടിഎഫ് അനുയോജ്യമാണ്. മ്യൂച്വൽഫണ്ടു യൂണിറ്റുകൾക്കു സമമാണ് ഇവിടെ നിക്ഷേപം.ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കുന്നത്. സുരക്ഷിതവും അതേസമയം കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയവുമാണ്, കാരണം അവ സ്റ്റോക്ക് മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്യുകയും ട്രേഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.സ്വർണ്ണ ഇടിഎഫിന്റെ ഒരു യൂണിറ്റിന് ഒരു ഗ്രാം യഥാർത്ഥ സ്വർണ്ണത്തിന്റെ വില തന്നെയാണ് നൽകേണ്ടത്. ഇതാണി മിനിമം നിക്ഷേപം.് ഗോൾഡ് ഇടിഎഫിന്റെ അടിസ്ഥാന ആസ്തി ഫിസിക്കൽ ഗോൾഡ് തന്നെയാണ്. അതിനാൽ വിലയിലെ ഏത് മാറ്റവും കൃത്യതയോടെ ഇടിഎഫ് പിന്തുടരുന്നു. സാധാരണ ഓഹരികൾ പോലെ ഗോൾഡ് ഇടിഎഫുകൾ എപ്പോൾ വേണമെങ്കിലും വാങ്ങാം. ഗോൾഡ് ഇടിഎഫുകൾക്ക് ലിക്വിഡിറ്റി കുറവാണ്. ഇവ ലിസ്റ്റഡ് ആയതിനാൽ സ്റ്റോക്ക് മാർക്കറ്റുകളിൽ വ്യാപാരം നടത്താൻ എളുപ്പവുമാണ്.
ഗോൾഡ് മ്യൂച്വൽ ഫണ്ട്
സ്വർണ ശേഖരത്തിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന ഒരു തരം മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഫണ്ടുകൾ. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് ഇവ മുഖ്യമായും നിക്ഷേപം നടത്തുന്നത്. മറ്റ് മ്യൂച്ചൽ ഫണ്ടുകളുടെ പ്രവർത്തനരീതി പോലെ തന്നെയാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകളുടെയും പ്രവർത്തനം. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് നൽകുന്ന യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ള ഓപ്പൺ എൻഡ് നിക്ഷേപങ്ങളാണ് ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ. അടിസ്ഥാന സ്വത്ത,് ഭൗതിക സ്വർണത്തിന്റെ രൂപത്തിൽ കൈവശം വച്ചിരിക്കുന്നതിനാൽ, അതിന്റെ മൂല്യം സ്വർണത്തിന്റെ വിപണിമൂല്യത്തെ നേരിട്ട് ആശ്രയിക്കുന്നു. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾക്ക് കുറഞ്ഞത് 1,000 രൂപയുടെ പ്രതിമാസ എസ്‌ഐപി നിക്ഷേപം ആവശ്യമാണ്.
സോവറിൻ ഗോൾഡ് ബോണ്ടുകൾ
യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായ നിക്ഷേപ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ.പ്രതിവർഷം 2.5 ശതമാനം പലിശ ലഭിക്കുന്ന ജനപ്രിയനിക്ഷേപമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. കേന്ദ്ര സർക്കാറിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാർഷിക പരിധി നാല് കിലോഗ്രാമുമാണ്. 8 വർഷമാണ് സോവറിൻ ബോണ്ടുകളുടെ കാലാവധി.