സ്ത്രീ സ്വയം സഹായ സംഘങ്ങളില്‍ റെക്കോര്‍ഡുമായി ബിഹാര്‍; മഹാമാരി കാലത്ത് നടന്നത് 543 കോടിയുടെ വിനിമയം

By Web TeamFirst Published Aug 10, 2020, 11:29 AM IST
Highlights

1.20 കോടി സ്ത്രീകളാണ് സംസ്ഥാനത്ത് ഇത്തരം സ്വയം സഹായ സംഘങ്ങളുടെ ഭാഗമായിട്ടുള്ളത്. 5000 കോടി രൂപയുടെ പുതിയ ലോണുകള്‍ ഈ സംഘങ്ങളിലൂടെ തിരിച്ചടച്ചിട്ടുണ്ട്. 1350 കോടി രൂപയുടെ സമ്പാദ്യവും സംഘങ്ങള്‍ക്കിടയിലൂടെയുള്ള വായ്പകളിലൂടെ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. 

പാട്ന: സ്ത്രീകള്‍ക്കായുള്ള സ്വയം സഹായ സംഘങ്ങളുടെ എണ്ണത്തില്‍ റെക്കോർഡുമായി ബിഹാര്‍. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന പത്ത് ലക്ഷം സ്വയം സഹായ സംഘങ്ങളാണ് ബിഹാറിലുള്ളത്. 2007ല്‍ ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചതാണ് ഇവയില്‍ മിക്ക സംഘങ്ങളും. ജീവിക പദ്ധതിയുടേയും ദാരിദ്ര്യ ലഘൂകരണത്തിനായുള്ള ലോകബാങ്കിന്‍റെ പിന്തുണയിലുമാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 


സ്ത്രീ ശാക്തീകരണത്തിന് ജീവിക പദ്ധതി നിരവധി സംഭാവനകള്‍ ചെയ്തതായാണ് ഗ്രാമീണ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ ചൌധരി പറയുന്നത്. സാമ്പത്തി അഭിവൃദ്ധിയിലേക്കെത്താന്‍ പദ്ധതി കാര്യമായി സഹായിച്ചിട്ടുണ്ടെന്ന് അരവിന്ദ് കുമാര്‍ ചൌധരി വിശദമാക്കുന്നു. കൊവിഡ് മഹാമാരിക്കിടയിലും 543 കോടി രൂപയുടെ വിനിമയമാണ് ഈ സ്വയം സഹായ സംഘങ്ങളിലുണ്ടായത്. പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ ആളുകള്‍ക്ക് വാതില്‍ക്കല്‍ പണമെത്തിക്കാന്‍ ഈ സഹായ സംഘങ്ങള്‍ക്ക് സാധിച്ചതായും ബിഹാര്‍ സര്‍ക്കാര്‍ വിശദമാക്കുന്നു.

ദുരിതാശ്വാസം, ഭക്ഷ്യ സുരക്ഷ, ശുചീകരണ പ്രവര്‍ത്തനം എന്നിവയില്‍ ബോധവല്‍ക്കരണം നടത്താനും ഈ സംഘങ്ങള്‍ സഹായിച്ചുവെന്നും അരവിന്ദ് കുമാര്‍ ചൌധരി കൂട്ടിച്ചേര്‍ക്കുന്നു. 1.20 കോടി സ്ത്രീകളാണ് സംസ്ഥാനത്ത് ഇത്തരം സ്വയം സഹായ സംഘങ്ങളുടെ ഭാഗമായിട്ടുള്ളത്. 5000 കോടി രൂപയുടെ പുതിയ ലോണുകള്‍ ഈ സംഘങ്ങളിലൂടെ തിരിച്ചടച്ചിട്ടുണ്ട്. 1350 കോടി രൂപയുടെ സമ്പാദ്യവും സംഘങ്ങള്‍ക്കിടയിലൂടെയുള്ള വായ്പകളിലൂടെ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

വലിയ തുക വായ്പയെടുത്ത് പ്രമുഖര്‍ രാജ്യം വിടുന്നു. എന്നാല്‍ ഈ സംഘങ്ങളിലുള്ളവര്‍ കൃത്യമായ സമയത്ത് പണം തിരികെയടച്ച് സാമ്പത്തിക അഭിവൃദ്ധിയിലേക്ക് എത്തുന്നുവെന്നാണ് ബിഹാര്‍ മുഖ്യമന്ത്രി ഇത്തരം സ്വയം സഹായ സംഘങ്ങളേക്കുറിച്ച് വിലയിരുത്തുന്നത്. കൊവിഡ് കാലത്ത് മാസ്ക് നിര്‍മ്മാണം, ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷണ നിര്‍മ്മാണം എന്നിവയിലും ഈ സംഘങ്ങള്‍ സജാവ പങ്കാളികളായിരുന്നു. 

click me!