ബജറ്റ് സ്വകാര്യ മേഖലയെ പുഷ്ടിപ്പെടുത്താനെന്ന് ബിനോയ് വിശ്വം; വരുമാന നികുതി സ്ലാബ് കുറച്ചത് വലിയ നേട്ടമെന്ന് കണ്ണന്താനം

By Web TeamFirst Published Feb 1, 2020, 3:54 PM IST
Highlights

ദേശീയവാദം പറയുന്ന സർക്കാർ ആണ് പൊതുമേഖലയെ നശിപ്പിക്കുന്നത്. ധനമന്ത്രി എന്ന നിലയിൽ നിർമല സീതാരാമൻ പരാജയമാണെന്നും ബിനോയ് വിശ്വം. കൃഷി, ആരോഗ്യം ഉൾപ്പടെയുള്ള മേഖലയ്ക്ക് ഉണർവ് നൽകുന്നതാണ് ബജറ്റെന്ന് അല്‍ഫോന്‍സ് കണ്ണന്താനം.

ദില്ലി: ഇത്തവണത്തെ കേന്ദ്ര ബജറ്റ് സ്വകാര്യ മേഖലയെ പുഷ്ടിപ്പെടുത്താൻ ഉള്ളതാണെന്ന് രാജ്യസഭാ എംപിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം ആരോപിച്ചു.  ദേശീയവാദം പറയുന്ന സർക്കാർ ആണ് പൊതുമേഖലയെ നശിപ്പിക്കുന്നത്. ധനമന്ത്രി എന്ന നിലയിൽ നിർമല സീതാരാമൻ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 

സ്വകാര്യ മേഖലക്ക് വേണ്ടി സര്‍ക്കാര്‍ ചങ്കും കരളും നൽകുന്ന സമീപനമാണ് വിദ്യാഭ്യാസരംഗത്തും സ്വീകരിച്ചിരിക്കുന്നത്. അകം പൊള്ളയായ ഒന്നിനെ പൊതിയാൻ വേണ്ടി രണ്ട് മണിക്കൂർ നേരം എന്തൊക്കെയോ പറയുകയായിരുന്നു ബജറ്റ് അവതരണത്തിലൂടെ ധനമന്ത്രി ചെയ്തതെന്നും ബിനോയ് വിശ്വം ആരോപിച്ചു.

അതേസമയം, വരുമാന നികുതി സ്ലാബ് കുറച്ചത് വലിയ നേട്ടമാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോൻസ് കണ്ണന്താനം പ്രതികരിച്ചു. കൃഷി, ആരോഗ്യം ഉൾപ്പടെയുള്ള മേഖലയ്ക്ക് ഉണർവ് നൽകുന്നതാണ് ബജറ്റ്. സാമ്പത്തിക കമ്മി 3.8 ശതമാനം ആയത് കൊണ്ട് വിലക്കയറ്റം ഉണ്ടാകാൻ പോകുന്നില്ല. സാധാരണ ജനങ്ങളിലേക്ക് കൂടുതൽ പണം സര്‍ക്കാര്‍ എത്തിക്കുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. .

മികച്ച ബജറ്റാണ് ഇത്തവണത്തേതെന്ന്  കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിക്ക് പുതിയ ബജറ്റ് മുതൽക്കൂട്ടാകും. ആദായനികുതി ഇളവുകൾ ജനങ്ങൾക്ക് ഗുണകരമാകുമെന്നും  പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. 

Read Also: കര്‍ഷകക്ഷേമം മുഖ്യലക്ഷ്യം, വിദ്യാഭ്യാസ- മേക്ക് ഇന്‍ ഇന്ത്യ- വ്യോമയാന മേഖലകള്‍ക്ക് ഊന്നല്‍; ആദായ നികുതിയില്‍ 'ജനപ്രിയം' കേന്ദ്ര ബജറ്റ്

 

click me!