എൽഐസി, ഐഡിബിഐ എന്നിവയുടെ ഓഹരി വിൽക്കുമെന്ന് കേന്ദ്ര ബജറ്റ്; 'വിനാശകരം'എന്ന് ബിജെപി ട്രേഡ് യൂണിയൻ

By Web TeamFirst Published Feb 3, 2020, 5:05 PM IST
Highlights

രാജ്യത്തിന്റെ സ്വത്തുക്കൾ വികസനത്തിന്റെ പേരിൽ വിൽക്കുന്നത് സാമ്പത്തിക രംഗത്തിന് യോജിച്ച നടപടിയല്ലെന്ന് ബിഎംഎസ് നേതാക്കൾ പറഞ്ഞു.

ദില്ലി: നിർമ്മല സീതാരാമൻ അവതരിപ്പിച്ച രണ്ടാം മോദി സർക്കാരിന്റെ രണ്ടാം കേന്ദ്ര ബജറ്റിലെ നിർദ്ദേശങ്ങൾക്കെതിരെ തുറന്നടിച്ച് ബിജെപിയുടെ ട്രേഡ് യൂണിയനായ ബിഎംഎസ്. 36 ലക്ഷം കോടിയിലേറെ ആസ്തിയുള്ള എൽഐസി, ഐഡിബിഐ ബാങ്ക് എന്നിവ വിൽക്കാനുള്ള തീരുമാനത്തിനെതിരെയാണ് ബിഎംഎസ് രംഗത്ത് വന്നിരിക്കുന്നത്. ഈ തീരുമാനങ്ങൾ വിനാശകരം എന്നാണ് വിമർശനം.

രാജസ്ഥാനിലെ ജോധ്‌പൂറിൽ ചേർന്ന ബിഎംഎസിന്റെ ദേശീയ നിർവാഹക സമിതി യോഗത്തിലാണ് കേന്ദ്ര ബജറ്റിനെതിരായ എതിർപ്പ് പരസ്യമാക്കിയത്. രാജ്യത്തിന്റെ സ്വത്തുക്കൾ വികസനത്തിന്റെ പേരിൽ വിൽക്കുന്നത് സാമ്പത്തിക രംഗത്തിന് യോജിച്ച നടപടിയല്ലെന്ന് ബിഎംഎസ് നേതാക്കൾ പറഞ്ഞു.

സർക്കാരിന് സാമ്പത്തിക വിദഗ്ദരിൽ നിന്നും ഉപദേശകരിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ യോജിച്ചതല്ലെന്ന് ബിഎംഎസ് വിമർശിച്ചു. എൽഐസി സാധാരണക്കാരന്റെ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ്. അതിൽ സ്വകാര്യ
നിയന്ത്രണം വരുന്നത് നല്ലതല്ലെന്നും നിർവാഹക സമിതി പറഞ്ഞു. അതേസമയം, കർഷകർക്കുള്ള 16 കർമ്മ പരിപാടി, കിസാൻ രെയിൽ, കയറ്റുമതിക്കാർക്ക് വായ്പ തുടങ്ങിയ പദ്ധതികളെല്ലാം നല്ലതാണെന്നും ബിഎംഎസ് വിലയിരുത്തി.
 

click me!