Latest Videos

ഇഡ്ഡ്ലിയും ദോശയും ഇനി സ്വപ്നങ്ങളിൽ മാത്രം; ഉഴുന്ന് പരിപ്പിന്റെ വില കത്തിക്കയറുന്നു

By Web TeamFirst Published Aug 11, 2022, 6:32 PM IST
Highlights

സാമ്പാറിൽ കുഴച്ച് ഇഡ്ഡ്ലി കഴിക്കാമെന്നത് ഇനി അതിമോഹമാകും. ഉഴുന്നിന്റെയും തുവര പരിപ്പിന്റെയും വില കുത്തനെ ഉയരുകയാണ്. 

തിരുവനന്തപുരം: മലയാളികളുടെ ഇഷ്ട വിഭവമാണ് ഇഡ്ഡ്ലിയും സാമ്പാറും. ഇനി ഇഷ്ടഭക്ഷണം കഴിക്കണമെങ്കിൽ പോക്കറ്റ് കാലിയാക്കേണ്ട  അവസ്ഥയാണ്. ഇഡ്ഡ്ലിയും സാമ്പാറും ഉണ്ടാക്കാനുള്ള സാധനങ്ങൾക്ക് വില കുതിച്ചുയരുകയാണ്. ഉഴുന്നു പരിപ്പിനും തുവരപ്പരിപ്പിനും വില ഉയർന്നു. 15 ശതമാനത്തോളം വിലയാണ് ഒരു മാസംകൊണ്ട് ഇവയ്ക്ക് വർദ്ധിച്ചത്. 

Read Also: റവയെയും മൈദയെയും ഇനി കടൽ കടത്തിയേക്കില്ല; നിയന്ത്രണങ്ങളുമായി കേന്ദ്രം

അസംസ്‌കൃത വസ്തുക്കൾക്ക് വില കൂടിയതോടെ ഓഗസ്റ്റ് ആദ്യ ദിനം തന്നെ ദോശ, അപ്പം മാവുകളുടെ വില ഓൾ കേരള ബാറ്റേഴ്‌സ് അസോസിയേഷൻ വർദ്ധിപ്പിച്ചിരുന്നു. ഉഴുന്നു പരിപ്പിനും തുവരപ്പരിപ്പിനും വില കത്തിക്കയറുന്നതോടെ ഹോട്ടലുകാർ വില കൂട്ടിയേക്കും. 

പരിപ്പുകളുടെ വിള നശിക്കുകയും നിലവിലുള്ള സ്റ്റോക്ക് പരിമിതമായതുമാണ് വിള കുത്തനെ കൂടാനുള്ള കാരണം. മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാമെന്ന് വെച്ചാൽ ഉടനെ നടപടിയാകില്ല. കരാർ നൽകിയിട്ടുണ്ട്. ചരക്ക് ആഫ്രിക്കയിൽനിന്ന് കയറ്റിയിട്ടുമുണ്ട്. അടുത്തമാസമാകും ഇത് തീരം തൊടാൻ. അഞ്ചു ലക്ഷം ടൺ തുവരപ്പരിപ്പാണ് ആഫ്രിക്കയിൽനിന്ന് വരുന്നത്. ചരക്ക് എത്തിയാൽ മാത്രമേ വിലക്കയറ്റത്തിന് അറുതി വരികയുള്ളു. 

Read Also: 'ദോശ തിന്നാൻ ആശ വേണ്ട'; ഒന്നാം തിയതി മുതൽ ദോശമാവിന് വില ഉയരും

ഉഴുന്ന് പരിപ്പിന്റെ ലഭ്യതയും കുറവാണ്. നാല് മാസമായി മ്യാൻമറിൽ നിന്നും ഉഴുന്ന് പരിപ്പ് എത്തിയിട്ടില്ല. മ്യാൻമർ വിദേശനാണ്യ വിനിമയ ചട്ടം കർശനമാക്കിയതാണു ചരക്ക് കുറയാനുള്ള കാരണം. പകുതിയിൽ താഴെ ചരക്ക് മാത്രമാണ് എത്തിയത്. രാജ്യത്തെ ഉത്പ്പാദനം വളരെ കുറവാണ്. പരിപ്പ് വിളകൾ നശിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സ്റ്റോക്കിനെ തളർത്തി.

Read Also: ആദായനികുതി റിട്ടേൺ വൈകിയോ? ഈ നികുതിദായകർ പിഴ നൽകേണ്ട

ഓഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്ത് ദോശ, അപ്പം മാവിന്റെ വില   5 മുതൽ 10 രൂപ വരെ വർദ്ധിപ്പിച്ചു. ഉഴുന്ന് കിട്ടാതാകുന്നതോടെ ഇനിയും വില വർദ്ധിച്ചേക്കാം. സാധനങ്ങളുടെ വിലയും ഇന്ധന വിലയും നിർമ്മാതാക്കളെ വില ഉയർത്താൻ നിർബന്ധിതരാക്കുകയാണ്. 
 

click me!