മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ്; 17,545 കോടി ആസ്തിയിൽ നിന്ന് ഒറ്റവർഷം കൊണ്ട് ബി​ഗ് സീറോയിലേക്ക് ബൈജു

By Web TeamFirst Published Apr 5, 2024, 12:49 AM IST
Highlights

ഇന്ത്യയുടെ സ്റ്റാർട്ടപ്പ് പോസ്റ്റർ ബോയിയായിട്ടായിരുന്നു ബൈജു രവീന്ദ്രനെ ലോകമാധ്യമങ്ങൾ വാഴ്ത്തിയത്. എന്നാൽ, വളർച്ച പോലെ തന്നെ വീഴ്ചയും അപ്രതീക്ഷിതമായിരുന്നു.

ദില്ലി: കൃത്യം ഒരു വർഷം മുമ്പ് ബൈജു രവീന്ദ്രൻ്റെ ആസ്തി ഫോബ്സ് മാസികയുടെ കണക്കുപ്രകാരം 17,545 കോടി രൂപയായിരുന്നു (2.1 ബില്യൺ ഡോളർ). ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച യുവ സംരംഭകൻ. മലയാളിയെന്ന നിലയിൽ ബൈജുവിന്റെ വളർച്ചയിൽ എല്ലാവരും അഭിമാനിച്ചു. എന്നാൽ, അടുത്തിടെ പുറത്തിറക്കിയ ഫോബ്‌സ് ബില്യണയർ സൂചിക 2024 അനുസരിച്ച്, ബൈജു രവീന്ദ്രൻ്റെ ആസ്തി പൂജ്യമായി താഴ്ന്നു. ഞെട്ടിപ്പിക്കുന്നതാണ് ബൈജുവിന്റെ വളർച്ചയും വീഴ്ചയും.  

ഇന്ത്യയുടെ സ്റ്റാർട്ടപ്പ് പോസ്റ്റർ ബോയിയായിട്ടായിരുന്നു ബൈജു രവീന്ദ്രനെ ലോകമാധ്യമങ്ങൾ വാഴ്ത്തിയത്. എന്നാൽ, വളർച്ച പോലെ തന്നെ വീഴ്ചയും അപ്രതീക്ഷിതമായിരുന്നു. മുൻ എഡ്‌ടെക് താരം ബൈജു രവീന്ദ്രൻ ഉൾപ്പെടെ കഴിഞ്ഞ വർഷത്തെ പട്ടികയിൽ നിന്ന് നാല് പേർ മാത്രമാണ് ഇത്തവണ പുറത്തായതെന്ന് ഫോസ്ബ് റിപ്പോർട്ടിൽ പറഞ്ഞു. 2022-ലെ അതിൻ്റെ 22 ബില്യൺ ഡോളറായിരുന്നു ബൈജൂസിന്റെ മൂല്യമെങ്കിൽ ഇക്കുറി ഒരു ബില്യൺ ഡോളർ മാത്രമായി ചുരുങ്ങി. 2011-ൽ സ്ഥാപിതമായ ബൈജൂസ്, 2022-ൽ 22 ബില്യൺ ഡോളറിൻ്റെ ഏറ്റവും ഉയർന്ന മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായി ഉയർന്നു. പ്രൈമറി സ്‌കൂൾ മുതൽ എംബിഎ വരെയുള്ള വിദ്യാർത്ഥികൾക്ക് നൂതനമായ പഠന ആപ്പിലൂടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു. എന്നാൽ സാമ്പത്തികമായ പിടിപ്പുകേട് തിരിച്ചടിയായി. വിവാദങ്ങളും കമ്പനിയെ തളർത്തി. 2022 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ബൈജൂസ് 1 ബില്യൺ ഡോളറിലധികം നഷ്ടം രേഖപ്പെടുത്തി. 

Read More... യാതൊരു മര്യാദയുമില്ല, ഒറ്റ ഫോൺകോൾ; നടപടിക്രമങ്ങൾ പാലിക്കാതെ ബൈജൂസ് ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്

കമ്പനിയുടെ സമ്പത്ത് ഇടിഞ്ഞതിന് ബൈജു രവീന്ദ്രൻ രൂക്ഷമായ വിമർശനം നേരിട്ടു. Prosus NV, Peak XV പാർട്‌ണേഴ്‌സ് തുടങ്ങി കമ്പനിയുടെ ഓഹരിയുടമകൾ കഴിഞ്ഞ മാസം രവീന്ദ്രനെ സിഇഒ സ്ഥാനത്തു നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ടു. നിയമനടപടികളും കമ്പനിയെ തളർത്തി. 

ബൈജുവിൻ്റെ വിദേശ നിക്ഷേപം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിലാണ്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് പ്രകാരം 9,362 കോടിയിലധികം രൂപയുടെ ലംഘനങ്ങൾ ആരോപിച്ച് ബൈജുവിൻ്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന് ഇഡി ഷോകോസ് നോട്ടീസ് അയച്ചു. 

click me!