ജോലി നഷ്ടപ്പെട്ട ശേഷമുള്ള ആദ്യ 12 മാസങ്ങളെ എങ്ങനെ ഫലപ്രദമായി ക്രമീകരിക്കാം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ താഴെ നല്‍കുന്നു.
അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നത് ആരെയും മാനസികമായും സാമ്പത്തികമായും തളര്‍ത്തുന്ന ഒന്നാണ്. വരുമാനം നിലച്ചാലും ചെലവുകള്‍ക്ക് കുറവുണ്ടാകില്ല എന്നതാണ് പ്രധാന വെല്ലുവിളി. എന്നാല്‍, പരിഭ്രാന്തരാകാതെ കൃത്യമായ പ്ലാനിംഗോടെ നീങ്ങിയാല്‍ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ സാധിക്കും. ജോലി നഷ്ടപ്പെട്ട ശേഷമുള്ള ആദ്യ 12 മാസങ്ങളെ എങ്ങനെ ഫലപ്രദമായി ക്രമീകരിക്കാം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ താഴെ നല്‍കുന്നു.
ആദ്യ മാസം: പണം കരുതാം, സമയം കണ്ടെത്താം
ജോലി പോയ വിവരം അറിഞ്ഞാലുടന്‍ ആദ്യം ചെയ്യേണ്ടത് കൈവശമുള്ള പണം എത്രയെന്ന് കൃത്യമായി കണക്കാക്കുക എന്നതാണ്.
കൈവശമുള്ള തുക: ബാങ്ക് ബാലന്‍സ്, എമര്‍ജന്‍സി ഫണ്ട്, പി.എഫ്, ബോണസ് എന്നിവ എത്രയുണ്ടെന്ന് നോക്കുക. ഇതാണ് നിങ്ങളുടെ 'റണ്‍വേ'.
ചെലവുകളെ തരംതിരിക്കാം: ചെലവുകളെ മൂന്നായി തിരിക്കുക. അത്യാവശ്യമായവ (വാടക, മരുന്ന്, മക്കളുടെ പഠനം, ഭക്ഷണം), മാറ്റിവെക്കാവുന്നവ (യാത്രകള്‍, പുതിയ പര്‍ച്ചേസുകള്‍), ഒഴിവാക്കാവുന്നവ.
ബാങ്കുകളുമായി സംസാരിക്കാം: ലോണ്‍ തിരിച്ചടവ് ഉണ്ടെങ്കില്‍ ബാങ്കുമായി നേരത്തെ സംസാരിക്കുക. ഇ.എം.ഐ പുനക്രമീകരിക്കാന്‍ അവര്‍ക്ക് സാധിച്ചേക്കും.
2-3 മാസങ്ങള്‍: സമ്മര്‍ദ്ദം കുറയ്ക്കാം
ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താം.
താമസം: വാടക വലിയ ബാധ്യതയാണെങ്കില്‍ കുറഞ്ഞ വാടകയുള്ള വീട്ടിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കാം.
ഇന്‍ഷുറന്‍സ്: ഹെല്‍ത്ത് ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും യാതൊരു കാരണവശാലും മുടങ്ങരുത്.
നിക്ഷേപങ്ങള്‍: ഓഹരികളിലോ മറ്റോ നിക്ഷേപം ഉണ്ടെങ്കില്‍ പരിഭ്രാന്തരായി അവ പെട്ടെന്ന് വിറ്റഴിക്കരുത്. ഏറ്റവും അവസാനം മാത്രം തൊടേണ്ട ഒന്നായിരിക്കണം ദീര്‍ഘകാല നിക്ഷേപങ്ങള്‍.
4-6 മാസങ്ങള്‍: വരുമാനത്തിന് പുതിയ വഴികള്‍
പഴയ ജോലിയുടെ അതേ നിലവാരമുള്ള ജോലി ലഭിക്കാന്‍ വൈകുകയാണെങ്കില്‍ കിട്ടുന്ന ചെറിയ ജോലികള്‍ ഏറ്റെടുക്കാന്‍ മടിക്കരുത്.
ഫ്രീലാന്‍സ് ജോലികള്‍: പാര്‍ട്ട് ടൈം ജോലികളോ കണ്‍സള്‍ട്ടിംഗ് പ്രോജക്റ്റുകളോ ചെയ്യുന്നത് പണത്തിന് പുറമെ മാനസികമായും കരുത്ത് നല്‍കും.
പുതിയ കഴിവുകള്‍: തൊഴില്‍ വിപണിയില്‍ ആവശ്യമായ പുതിയ കോഴ്‌സുകള്‍ പഠിച്ചെടുക്കാം. വലിയ പണം ചെലവാക്കാതെ ഓണ്‍ലൈന്‍ വഴിയുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം.
7-9 മാസങ്ങള്‍: ലക്ഷ്യങ്ങള്‍ പുതുക്കാം
മാസങ്ങള്‍ കുറേ കഴിഞ്ഞിട്ടും ഒരു സ്ഥിര ജോലി ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ പ്രതീക്ഷകളില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വിട്ടുവീഴ്ചകള്‍: ശമ്പളത്തിലോ ജോലിസ്ഥലത്തോ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുക.
ചെറിയ സമ്പാദ്യം: ചെറിയ വരുമാനം ലഭിച്ചു തുടങ്ങിയാല്‍ പോലും എമര്‍ജന്‍സി ഫണ്ടിലേക്ക് ഒരു നിശ്ചിത തുക വീണ്ടും നീക്കിവെക്കാന്‍ തുടങ്ങുക.
10-12 മാസങ്ങള്‍: ഭാവിക്കായി കരുതിവെക്കാം
ജോലി ലഭിച്ചു കഴിഞ്ഞാലുടന്‍ പഴയ രീതിയിലുള്ള ആഡംബര ചെലവുകളിലേക്ക് മടങ്ങരുത്.
കരുതല്‍ ധനം: അടുത്ത 6 മുതല്‍ 9 മാസത്തേക്കുള്ള അത്യാവശ്യ ചെലവുകള്‍ക്കുള്ള പണം ഒരു ഫണ്ടായി സൂക്ഷിക്കുക. ജോലി നഷ്ടപ്പെട്ടപ്പോള്‍ നിങ്ങളെ ഏറ്റവും ബുദ്ധിമുട്ടിച്ച കാര്യങ്ങള്‍ എന്താണെന്ന് വിലയിരുത്തി അവ പരിഹരിക്കാന്‍ ശ്രമിക്കുക.
ഓര്‍ക്കുക: ജോലി നഷ്ടപ്പെടുന്നത് നിങ്ങളുടെ മാത്രം പരാജയമല്ല. സാമ്പത്തിക ലോകത്തെ ഉയര്‍ച്ച താഴ്ചകള്‍ ആര്‍ക്കും എപ്പോഴും സംഭവിക്കാം. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും കടന്നുപോകും.
