ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് റഷ്യയിൽ അവസരമൊരുക്കി ധാരണാപത്രം

By Web TeamFirst Published Aug 25, 2021, 4:45 PM IST
Highlights

സെമിനാറുകൾ, കോൺഫറൻസുകൾ, സംയുക്ത പ്രവർത്തനങ്ങൾ എന്നിവയിലൂടെ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ പ്രോത്സാഹനത്തിന്റെ ഭാ​ഗമായി ഇന്ത്യയിലെയും റഷ്യയിലെയും അക്കൗണ്ടൻസി രം​ഗത്തെ വികസനത്തെക്കുറിച്ചുള്ള വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണാപത്രം സഹായിക്കും.

ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ഐസിഎഐ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ അക്കൗണ്ടന്റ്സ് ഓഫ് റഷ്യയും (ഐപിഎആർ) തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് അംഗീകാരം നൽകി.

ധാരണാപത്ര പ്രകാരം പ്രൊഫഷണൽ അക്കൗണ്ടൻസി ട്രെയിനിം​ഗ്, പ്രൊഫഷണൽ എത്തിക്സ്, ടെക്നിക്കൽ റിസർച്ച്, അഡ്വാൻസ്മെന്റ് ഓഫ് അക്കൗണ്ടിം​ഗ് നോളജ്, പ്രൊഫഷണൽ ആൻഡ് ഇന്റലക്ച്വൽ ഡെവലപ്പ്മെന്റ് തുടങ്ങിയ മേഖലകളിൽ ഇരു സ്ഥാപനങ്ങളും യോ​ജിച്ച് പ്രവർത്തിക്കും. ഇന്ത്യയിൽ പരിശീലനം പൂർത്തിയാക്കി ഐസിഎഐ യോ​ഗ്യത നേടുന്ന ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് ഭാവിയിൽ റഷ്യയിൽ പ്രാക്ടീസ് ചെയ്യാനുളള അവസരവും ഇതിലൂടെ ലഭിക്കും. പ്രൊഫഷണൽ അക്കൗണ്ടിം​ഗ് രം​ഗത്ത് ഇരു രാജ്യങ്ങൾക്കുമിടയിൽ പരസ്പര ധാരണയോടെയുളള പ്രവർത്തനത്തിനും സഹായകരമായ നീക്കമായാണ് ഇതിനെ വിദ​ഗ്ധർ വിലയിരുത്തുന്നത്. 

സെമിനാറുകൾ, കോൺഫറൻസുകൾ, സംയുക്ത പ്രവർത്തനങ്ങൾ എന്നിവയിലൂടെ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ പ്രോത്സാഹനത്തിന്റെ ഭാ​ഗമായി ഇന്ത്യയിലെയും റഷ്യയിലെയും അക്കൗണ്ടൻസി രം​ഗത്തെ വികസനത്തെക്കുറിച്ചുള്ള വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണാപത്രം സഹായിക്കും. ധാരണാപത്രത്തിലൂടെ, അക്കൗണ്ടൻസി സേവനങ്ങളുടെ കയറ്റുമതി വർധിപ്പിച്ച് റഷ്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ ഐസിഎഐക്ക് കഴിയും.

പരസ്പര സഹകരണ ഫലമായി ഐസിഎഐ അംഗങ്ങൾക്ക് ഹ്രസ്വ മുതൽ ദീർഘകാല ഭാവിയിൽ റഷ്യയിൽ പ്രൊഫഷണൽ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയും വർധിച്ചു. ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ തൊഴിൽ നിയന്ത്രിക്കുന്നതിനായി ചാർട്ടേഡ് അക്കൗണ്ടന്റ്സ് ആക്ട്, 1949 പ്രകാരം രൂപീകൃതമായ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ). റഷ്യയിലെ അക്കൗണ്ടന്റുമാരുടെ ഏറ്റവും വലിയ ലാഭേച്ഛയില്ലാത്ത അസോസിയേഷനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ അക്കൗണ്ടന്റ്സ് ഓഫ് റഷ്യ (ഐപിഎആർ). 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!