ചൈനയും യൂറോപ്പും സാമ്പത്തികമായി പിന്നോട്ട് പോയപ്പോൾ ആഗോള ആഡംബര വിപണിയുടെ പ്രതീക്ഷയായിരുന്ന ഗൾഫ് രാജ്യങ്ങൾ, നിലവിലെ യുദ്ധസാഹചര്യത്തിൽ കടുത്ത പ്രതിസന്ധി നേരിടുകയാണ്. യാത്രാ മുന്നറിയിപ്പുകളും വിനോദസഞ്ചാരികളുടെ വരവിലെ കുറവും റമദാൻ കച്ചവടത്തെ ഉൾപ്പെടെ ബാധിച്ചതോടെ പ്രമുഖ ബ്രാൻഡുകൾ ആശങ്കയിലാണ്.

ചൈനയും യൂറോപ്പും സാമ്പത്തികമായി തളര്‍ന്നപ്പോള്‍ ആഗോള ആഡംബര വിപണിയെ താങ്ങിനിര്‍ത്തിയിരുന്നത് ഗള്‍ഫ് രാജ്യങ്ങളായിരുന്നു. എന്നാല്‍, അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം കനത്തതോടെ ആഗോള ഫാഷന്‍-ആഡംബര വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

വിമാനത്താവളങ്ങള്‍ അടയ്ക്കുകയും കടുത്ത യാത്രാ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തതോടെ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു. എങ്കിലും, ഗൂച്ചി , അലയ , സെഗ്‌ന തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളുള്ള ദുബായ് മാള്‍ ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫിലെ 950-ലധികം ആഡംബര സ്റ്റോറുകള്‍ നടത്തുന്ന പ്രമുഖ റീട്ടെയിലര്‍മാരായ 'ചല്‍ഹൂബ് ഗ്രൂപ്പ്', തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് വ്യക്തമാക്കി. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ആഗോളതലത്തില്‍ തന്നെ ആഡംബര വിപണി വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന ചുരുക്കം ചില മേഖലകളില്‍ ഒന്നായിരുന്നു മിഡില്‍ ഈസ്റ്റ് എന്ന് ഫാഷന്‍സൈറ്റ്‌സ് സ്ഥാപകന്‍ അചിം ബെര്‍ഗ് ചൂണ്ടിക്കാട്ടുന്നു.

ആശ്രയം ഗള്‍ഫ് നാടുകള്‍

സിറ്റി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം, ആഗോള ആഡംബര വിപണിയുടെ 5 മുതല്‍ 6 ശതമാനം വരെ പശ്ചിമേഷ്യയിലാണ്. കേള്‍ക്കുമ്പോള്‍ ചെറിയ സംഖ്യയാണെന്ന് തോന്നാമെങ്കിലും, വമ്പന്‍ ബ്രാന്‍ഡുകള്‍ക്ക് ഇത് നിര്‍ണ്ണായകമാണ്. പ്രമുഖ കമ്പനിയായ റിച്ച്‌മോണ്ടിന്റെ വരുമാനത്തിന്റെ 9 ശതമാനവും, സ്വാച്ച് ഗ്രൂപ്പിന്റെ 10 ശതമാനവും വരുന്നത് ഇവിടെ നിന്നാണ്. ആഡംബര വാച്ചുകള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ക്കും ഗള്‍ഫില്‍ വലിയ ഡിമാന്‍ഡാണ്. കെറിങ് ഗ്രൂപ്പിന്റെ വരുമാനത്തിന്റെ 9 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. ചൈന, ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ കച്ചവടം മന്ദഗതിയിലായപ്പോള്‍ ഗള്‍ഫ് വിപണി കുതിക്കുകയായിരുന്നു. ഇവിടുത്തെ ആഡംബര വില്‍പ്പനയുടെ മൂന്നിലൊന്നും വിനോദസഞ്ചാരികളില്‍ നിന്നാണെന്നാണ് കണക്കാക്കുന്നത്.

റമദാന്‍ വില്‍പനയെ ബാധിച്ചു

സാധാരണയായി റമദാന്‍ കാലത്ത് ഗള്‍ഫില്‍ വലിയ തോതില്‍ കച്ചവടം നടക്കാറുള്ളതാണ്. പെരുന്നാളിന് മുന്നോടിയായുള്ള 10 ദിവസങ്ങളില്‍ വസ്ത്രവ്യാപാരത്തില്‍ 2.6 ഇരട്ടി വര്‍ദ്ധനവുണ്ടാകാറുണ്ടെന്ന് 2025-ലെ വിസ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ യുദ്ധം ഈ ഉത്സവക്കച്ചവടത്തിന്റെ താളം തെറ്റിച്ചു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും പൗരന്മാര്‍ക്ക് ഗള്‍ഫ് മേഖലകളിലേക്ക് യാത്രാ മുന്നറിയിപ്പ് നല്‍കിയതോടെ ടൂറിസം രംഗം മരവിച്ചു. യുഎഇയും ബഹ്‌റൈനും തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ നടപടികള്‍ എടുക്കുന്നുണ്ട്. വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശകര്‍ക്ക് രാജ്യം വിടാന്‍ സാധിക്കുന്നതുവരെ ഓവര്‍‌സ്റ്റേ പിഴ ഒഴിവാക്കി നല്‍കുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്.