
കേന്ദ്ര ബജറ്റിന് ശേഷം മൂലധന ആസ്തികളില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിനുള്ള നികുതിയായ ക്യാപിറ്റല്‍ ഗെയിന്‍ ടാക്സുകളില്‍ ചില മാറ്റങ്ങളുണ്ട്. മൂലധന ആസ്തി കൈവശം വയ്ക്കുന്ന കാലയളവ് അടിസ്ഥാനമാക്കിയാണ് നികുതി ചുമത്തുന്നത്. ദീര്‍ഘകാലത്തേക്ക് കൈവശം വയ്ക്കുന്ന മൂലധന ആസ്തികളില്‍ നിന്നുള്ള നേട്ടത്തിന് ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സും ഹ്രസ്വകാലത്തേക്ക് കൈവശം വയ്ക്കുന്ന മൂലധന ആസ്തികള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന് ഷോട്ട് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സും നല്‍കണം. മൂലധന ആസ്തികളെ വിവിധ തരങ്ങളായി തരം തിരിച്ചിരിക്കുന്നു, അവയില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, നികുതി രഹിത ബോണ്ടുകള്‍, ഡിബഞ്ചറുകള്‍, ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍, സ്വര്‍ണം എന്നിവ ഉള്‍പ്പെടുന്നു. ബജറ്റിന് ശേഷം ഇവയുടെ നികുതിയിലെ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ലിസ്റ്റ് ചെയ്ത് ഓഹരികള്‍, ലിസ്റ്റ് ചെയ്ത ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍, എന്നിവ 12 മാസം കൈെവശം വച്ച ശേഷം ലഭിക്കുന്ന നേട്ടത്തിന് 12.5 ശതമാനം ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് അടയ്ക്കേണ്ടി വരും. പക്ഷെ ഇങ്ങനെ ലഭിക്കുന്ന ലാഭം 1.25 ലക്ഷം രൂപ കടന്നാല്‍ മാത്രമേ നികുതി അടയ്ക്കേണ്ട ആവശ്യമുള്ളൂ. ഇനി ആസ്തികള്‍ 12 മാസത്തിനുള്ളില്‍ വിറ്റ് ലാഭമെടുത്താല്‍ 20 ശതമാനം ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് നല്‍കണം. കൂടാതെ ഓഹരികള്‍് വാങ്ങുന്നയാളും വില്‍ക്കുന്നയാളും 0.1 ശതമാനം വീതവും മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വില്‍പ്പനക്കാരന്‍ 0.001 ശതമാനം വീതവും സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് അടയ്ക്കണം.
ലിസ്റ്റ് ചെയ്ത നികുതി രഹിത ബോണ്ടുകള്‍, ലിസ്റ്റുചെയ്ത ഡിബഞ്ചറുകള്‍ എന്നിവ 12 മാസം കൈവശം വച്ച ശേഷം ലഭിക്കുന്ന നേട്ടത്തിന് 12.5 ശതമാനം ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് ചുമത്തുന്നു, ടാക്സ്-ഫ്രീ ബോണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി അടയ്ക്കേണ്ട.
ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ 2023 ഏപ്രില്‍ 1 ന് മുമ്പ് വാങ്ങിയാല്‍ 12.5 ശതമാനം നികുതി ചുമത്തും. 2023 ഏപ്രില്‍ 1-നോ അതിനുശേഷമോ വാങ്ങിയാല്‍ ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് നല്‍കണം
2.5 ലക്ഷം രൂപയില്‍ കൂടുതലുള്ള വാര്‍ഷിക പ്രീമിയമുള്ള യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സിന് 2026 ഏപ്രില്‍ 1 മുതല്‍ 12.5 ശതമാനം നിരക്കില്‍ ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് നല്‍കണം.
സ്ഥാവര വസ്തുക്കള്‍ 2024 ജൂലൈ 23-ന് മുമ്പ് വാങ്ങിയതാണെങ്കില്‍ ഇന്‍ഡക്സേഷന്‍ ബെനിഫിറ്റ് സഹിതം 20 ശതമാനം ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് അടയ്കണം. ഇന്‍ഡക്സേഷന്‍ ഇല്ലാതെ 12.5 ശതമാനമാണ് ടാക്സ്. ഈ തീയതിക്ക് ശേഷമാണെങ്കില്‍ ഇന്‍ഡക്സേഷന്‍ ഇല്ലാതെ 12.5 ശതമാനമാണ് നികുതി