
കൊല്ലം: ഓണക്കാല വിപണിയിൽ കശുവണ്ടി വികസന കോപ്പറേഷന് വൻ നേട്ടം. 17 കോടി രൂപയുടെ കശുവണ്ടി പരിപ്പും മൂല്യ വർധിത ഉത്പന്നങ്ങളുമാണ് വിറ്റഴിച്ചത്. റെക്കോർഡ് നേട്ടത്തിന് പിന്നാലെ ഉത്പന്നങ്ങൾ ഓൺലൈൻ വഴി വിൽക്കാനുള്ള ഒരുക്കത്തിലാണ് കോർപ്പറേഷനുള്ളത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കശുവണ്ടി പരിപ്പിനെ തള്ളി വിപണി പിടിക്കുകയാണ് കേരളത്തിന്റെ സ്വന്തം ബ്രാന്റ്.
കശുവണ്ടി വികസന കോർപ്പറേഷൻ കണക്ക് കൂട്ടിയതിന് അപ്പുറേത്തക്ക് കടന്നിട്ടുണ്ട് ഓണക്കാല കച്ചവടം. കശുവണ്ടി മൂല്യവർധിത ഉത്പന്നങ്ങളായിരുന്നു ഇക്കൊല്ലത്തെ വിപണയിലെ താരങ്ങൾ. ക്യാഷു വിറ്റ, ക്യാഷു പൗഡർ, ക്യാഷു സൂപ്പ്, സോഡ, ജാം, സ്ക്വാഷ് പല ഫ്ലേവറിലുള്ള കശുവണ്ടി പരിപ്പ് അങ്ങനെ ഇരുപത്തിനാല് ഇനം സാധനങ്ങളാണ് വിപണിയിലുണ്ടായിരുന്നത്. ഫാക്ടറി ഓട്ട്ലെറ്റുകളിലും ഫ്രാഞ്ചെയിസികൾ വഴിയുള്ള കച്ചവടവും പൊടിപൊടിച്ചു.
മലബാറിലേക്ക് അയച്ച കാഷ്യു വണ്ടിയും വൻ വിജയമായി. ഓൺലൈൻ വിപണിയാണ് ഇനി കോർപ്പറേഷൻ ലക്ഷ്യം. ഉത്സവ കാലങ്ങളിൽ ഡിസ്കൗണ്ട് അടക്കം നൽകി വിപണനം വിപുലപ്പെടുത്താനാണ് നീക്കം. പുതിയ പദ്ധതികളിലെ കശുവണ്ടി മേഖലയിലെ പ്രതിസന്ധികളെ മറികടക്കാൻ കഴിയുമെന്നും പ്രതീക്ഷയിലാണ് കോർപ്പറേഷനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം