വാഹനാപകടത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; അറിയാം 'പിഎം റാഹത്ത്' പദ്ധതിയെക്കുറിച്ച്

Published : Feb 19, 2026, 04:51 PM IST
Hoskote Accident Car and Canter Photos

Synopsis

ഏതുതരം റോഡില്‍ അപകടം സംഭവിച്ചാലും പരുക്കേല്‍ക്കുന്ന അര്‍ഹരായ എല്ലാ വ്യക്തികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും

വാഹനാപകടങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായ ആദ്യത്തെ ഒരു മണിക്കൂറിലെ (ഗോള്‍ഡന്‍ അവര്‍) ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയാണ് പിഎം റാഹത്ത്. പണത്തിന്റെ അഭാവം മൂലം ആര്‍ക്കും ജീവന്‍ രക്ഷാ ചികിത്സ നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് 'പിഎം റാഹത്ത്'പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് മന്ദിരമായ 'സേവാ തീര്‍ത്ഥി'ലെ ആദ്യ തീരുമാനമായാണ് ഈ സുപ്രധാന പദ്ധതിക്ക് അദ്ദേഹം അംഗീകാരം നല്‍കിയത്.

ആര്‍ക്കൊക്കെ പ്രയോജനം ലഭിക്കും?

ഏതുതരം റോഡില്‍ അപകടം സംഭവിച്ചാലും പരുക്കേല്‍ക്കുന്ന അര്‍ഹരായ എല്ലാ വ്യക്തികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അപകടം നടന്ന ആദ്യത്തെ ഒരു മണിക്കൂറില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ 50 ശതമാനത്തോളം മരണങ്ങളും ഒഴിവാക്കാനാകുമെന്നാണ് റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചികിത്സയും നിബന്ധനകളും

ഒരു വ്യക്തിക്ക് പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള പണരഹിത ചികിത്സയാണ് ലഭിക്കുക.

അപകടം നടന്ന തീയതി മുതല്‍ 7 ദിവസം വരെ ഈ പരിരക്ഷയുണ്ടാകും.

പ്രാഥമിക ചികിത്സ (: ജീവന് ഭീഷണിയില്ലാത്ത പരുക്കുകള്‍ക്ക് 24 മണിക്കൂര്‍ വരെയും, ഗുരുതരമായ അവസ്ഥയില്‍ 48 മണിക്കൂര്‍ വരെയും ചികിത്സ നല്‍കും.

ഇതെല്ലാം പോലീസിന്റെ ഡിജിറ്റല്‍ പരിശോധനയ്ക്ക് വിധേയമായിരിക്കും. ജീവന് ഭീഷണിയില്ലാത്ത കേസുകളില്‍ 24 മണിക്കൂറിനുള്ളിലും, ഗുരുതരമായ കേസുകളില്‍ 48 മണിക്കൂറിനുള്ളിലും പോലീസ് സ്ഥിരീകരണം നല്‍കേണ്ടതുണ്ട്.

ക്ലെയിം നടപടികള്‍ എങ്ങനെ?

പൂര്‍ണമായും സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പിഎം റാഹത്ത് നടപ്പിലാക്കുന്നത്. റോഡ് ഗതാഗത മന്ത്രാലയത്തിന്റെ 'ഇ-ഡാര്‍' പോര്‍ട്ടലും ദേശീയ ആരോഗ്യ അതോറിറ്റിയുടെ 'ടിഎംഎസ് 2.0' സംവിധാനവും തമ്മില്‍ ബന്ധിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അപകടവിവരം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ ആശുപത്രി അഡ്മിഷന്‍, പോലീസ് വെരിഫിക്കേഷന്‍, ബില്‍ അടയ്ക്കല്‍ തുടങ്ങിയവയെല്ലാം ഈ ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ വേഗത്തില്‍ നടക്കും.

ആശുപത്രികള്‍ക്കുള്ള തുക എവിടെനിന്ന്?

ആശുപത്രികള്‍ക്കുള്ള തുക മോട്ടോര്‍ വെഹിക്കിള്‍ ആക്സിഡന്റ് ഫണ്ടില്‍ നിന്നാണ് അനുവദിക്കുക.

അപകടത്തില്‍പ്പെട്ടത് ഇന്‍ഷുറന്‍സ് ഉള്ള വാഹനങ്ങളാണെങ്കില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാകും തുക നല്‍കുക.

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളാണെങ്കിലോ ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന കേസുകളിലാണെങ്കിലോ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണം നല്‍കും.

സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി ക്ലെയിം അംഗീകരിച്ച് 10 ദിവസത്തിനകം ആശുപത്രികള്‍ക്ക് തുക ലഭിക്കുന്നതിനാല്‍ അവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല.

പരാതികളുണ്ടെങ്കില്‍

പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേകം സംവിധാനമുണ്ട്. ജില്ലാ കളക്ടര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ അധ്യക്ഷതയിലുള്ള ജില്ലാ റോഡ് സുരക്ഷാ സമിതി ഇതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കും.

PREV
Read more Articles on
click me!

Recommended Stories

എഐ കുറഞ്ഞ നിരക്കില്‍ എത്തിക്കാന്‍ അംബാനി; 7 വര്‍ഷത്തില്‍ 10 ലക്ഷം കോടിയുടെ നിക്ഷേപവുമായി റിലയന്‍സ്
കുതിച്ച് ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ; കാരണം വിദേശനിക്ഷേപകരുടെ വരവോ?