സാമ്പത്തിക പ്രതിസന്ധി: സ്കൂള്‍ വിദ്യാഭ്യാസ ഫണ്ടില്‍ നിന്ന് 3000 കോടി വെട്ടിക്കുറക്കാന്‍ കേന്ദ്രം

By Web TeamFirst Published Dec 9, 2019, 2:46 PM IST
Highlights

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 56,563 കോടി രൂപയായിരുന്നു സ്കൂള്‍ വിദ്യാഭ്യാസത്തിന് ബജറ്റില്‍ നീക്കിവെച്ചിരുന്നത്. ബജറ്റില്‍ അനുവദിച്ച മുഴുവന്‍ തുകയും ലഭിക്കണമെന്ന് എച്ച് ആര്‍ ഡി ഉദ്യോഗസ്ഥര്‍ വാദിച്ചെങ്കിലും ധനമന്ത്രാലയം അംഗീകരിച്ചില്ല.

ദില്ലി: 2019-20 ബജറ്റില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനായി അനുവദിച്ച ഫണ്ട് വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 3000 കോടി വെട്ടിക്കുറക്കാനാണ് തീരുമാനം. ഫണ്ടിന്‍റെ അപര്യാപ്തതയാണ് നീക്കത്തിന് പിന്നിലെന്നാണ് മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ വിശദീകരണം. ഫണ്ട് വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം അറിയിപ്പ് നല്‍കിയെന്ന് എച്ച് ആര്‍ ഡി വകുപ്പിനെ ഉദ്ധരിച്ച് ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.  ഇത് സംബന്ധിച്ച് ഇരു മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച യോഗം ചേര്‍ന്നിരുന്നു. 

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 56,563 കോടി രൂപയായിരുന്നു സ്കൂള്‍ വിദ്യാഭ്യാസത്തിന് ബജറ്റില്‍ നീക്കിവെച്ചിരുന്നത്. ബജറ്റില്‍ അനുവദിച്ച മുഴുവന്‍ തുകയും ലഭിക്കണമെന്ന് എച്ച് ആര്‍ ഡി ഉദ്യോഗസ്ഥര്‍ വാദിച്ചെങ്കിലും ധനമന്ത്രാലയം അംഗീകരിച്ചില്ല. സ്കൂള്‍ വിദ്യാഭ്യാസ മേഖലക്ക് പണം ലഭ്യമാക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ധനമന്ത്രാലയം വഴങ്ങിയില്ല. സാമ്പത്തിക പ്രയാസമാണ് ഫണ്ട് വെട്ടിക്കുറക്കാന്‍ ധനമന്ത്രാലയത്തെ നിര്‍ബന്ധമാക്കിയത്. 

ഫണ്ട് കുറച്ചതുമൂലം നിരവധി പദ്ധതികള്‍ക്ക് തിരിച്ചടിയാകുമെന്ന് എച്ച് ആര്‍ ഡി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ പ്രവര്‍ത്തിക്കാന്‍ തന്നെ ഫണ്ട് കുറവാണ്. അതിനിടയില്‍ ഫണ്ട് വെട്ടിക്കുറക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് മന്ത്രാലയം പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്കൂള്‍ വിദ്യാഭ്യാസത്തിന് നല്‍കുന്ന ഫണ്ട്  ആനുപാതികമായി വര്‍ധിക്കുന്നുണ്ടെന്നാണ് ധനമന്ത്രാലയം പറയുന്നത്. മൂന്ന് വര്‍ഷത്തിനിടെ 9,000 കോടിയുടെ വളര്‍ച്ചയുണ്ടായെന്ന് കണക്കുകള്‍ പറയുന്നു. 2017-18ല്‍ 46,000 കോടിയായിരുന്നു സ്കൂള്‍ വിദ്യാഭ്യാസത്തിന് നല്‍കിയിരുന്നത്. 2018-19ല്‍ 50,113 കോടിയും അനുവദിച്ചു. 

click me!