സാമ്പത്തികരംഗത്തെ തളര്‍ച്ച: കേന്ദ്രം കൂടുതല്‍ പാക്കേജുകളും ജിഎസ്‍ടിയില്‍ ഇളവും പ്രഖ്യാപിച്ചേക്കും

By Web TeamFirst Published Aug 23, 2019, 9:54 PM IST
Highlights

വിവിധ മേഖലകളില്‍ നികുതി കുറക്കണമെന്ന ആവശ്യം വ്യാപാരമേഖലയില്‍ ശക്തമാണ്. അടുത്ത ദിവസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് ധനമന്ത്രി നല്‍കുന്ന സൂചന.

ദില്ലി: ജിഎസ്ടി നടപടികള്‍ ലളിതമാക്കിയും പലിശ കുറവിന്‍റെ ആനുകൂല്യങ്ങള്‍ എല്ലാ ഇടപാടുകാര്‍ക്കും ലഭ്യമാക്കിയും സാമ്പത്തിക മേഖലയില്‍  ഉണര്‍വു നല്‍കാനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ പ്രഖ്യാപനങ്ങളിലൂടെ ശ്രമിക്കുന്നത്.  ഉപഭോഗത്തിലുണ്ടായ ഇടിവു മൂലം പ്രതിസന്ധി നേരിടുന്ന  മേഖലകളെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ഉത്തേജന പാക്കേജുകളുമായി ധനമന്ത്രാലയം വരും ദിവസങ്ങളില്‍ രംഗത്തു വരുമെന്നാണ്  വിലയിരുത്തല്‍

പലിശ കുറഞ്ഞ വായ്പകള്‍ ലഭ്യമാക്കുകയും അതുവഴി ഉപഭോഗം കൂട്ടി പണലഭ്യത പ്രതിസന്ധി മറികടക്കാനുമാണ് പുതിയ പ്രഖ്യാപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാത്രമല്ല നികുതി ഘടനയില്‍ ഇളവുകളും ആശ്വാസവും നല്‍കിയും വിവിധ മേഖലകളെ തൃപ്തിപ്പെടുത്താനും സര്‍ക്കാരിനായി. 

വിവിധ മേഖലകളില്‍ നികുതി കുറക്കണമെന്ന ആവശ്യം വ്യാപാരമേഖലയില്‍ ശക്തമാണ്. അടുത്ത ദിവസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് ധനമന്ത്രി നല്‍കുന്ന സൂചന. വന്‍കിട നിക്ഷേപങ്ങള്‍ക്കുള്ള സര്‍ചാര്‍ജ് ഇല്ലാതാകുന്നതോടെ ഓഹരി വിപണിയിലും തിരിച്ചുവരവ് പ്രതീക്ഷിക്കാം. 

2008-ലെ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ പ്രതിസന്ധിയില്ലെന്നും  ഇന്ത്യയിലെ വളര്‍ച്ചാ നിരക്ക്  മറ്റു രാജ്യങ്ങളേക്കാള്‍ മെച്ചമാണെന്നുമാണ് വിമര്‍ശനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി. എന്നാല്‍  വിവിധ രംഗങ്ങളില്‍ അനുഭവപ്പെടുന്ന തിരിച്ചടി മറികടക്കാന്‍ കൂടുതല്‍ പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. വ്യവസായങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തന മൂലധനം ഉറപ്പാക്കുമെന്ന പ്രഖ്യാപനവും ഗുണം ചെയ്തേക്കും. 

click me!