
ദില്ലി: വിവിധ മേഖലകൾ നേരിടുന്ന വെല്ലുവിളികളെ ബജറ്റിനായി കാത്തിരിക്കാതെ പരിഹരിക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രതിമാസം ഒരു ലക്ഷം കോടി രൂപ കടന്ന ജിഎസ്ടി വരുമാനം വരും മാസങ്ങളിലും മികച്ചതായി തുടരുമെന്നും അവർ പറഞ്ഞു.
വെല്ലുവിളികൾ നേരിടുന്ന മേഖലകളെ സഹായിക്കാൻ സർക്കാർ പതിവായി നടപടികൾ സ്വീകരിക്കുന്നുണ്ട്. ബജറ്റിനായി കാത്തിരിക്കാതെ ഞങ്ങൾ നടപടികൾ കൈക്കൊള്ളുകയാണെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രത്തിന് മുന്നില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ബിജെപി ഇതര ഭരണകൂടങ്ങളും തമ്മിൽ വ്യത്യാസമില്ലെന്ന് പറഞ്ഞ അവർ സംസ്ഥാനങ്ങളുടെ കുടിശ്ശിക കേന്ദ്രം തടഞ്ഞുവയ്ക്കുന്നില്ലെന്നും വ്യക്തമാക്കി. പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ധനസഹായം നൽകുന്നതെന്നും അവർ പറഞ്ഞു.
ജിഎസ്ടി പിരിവ് പ്രതിമാസം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. വരും ദിവസങ്ങളിൽ ഇത് മികച്ചതായി തുടരുമെന്ന് സീതാരാമൻ പറഞ്ഞു.
നവരാത്രിയുടെയും ദീപാവലിയുടെയും ഉത്സവ സീസണിൽ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൂടെയും ബാങ്കുകളിലൂടെയും ആളുകൾക്ക് വായ്പ ലഭ്യമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.