ആസ്തികളുടെ നാണ്യവത്കരണം: ബിഎസ്എൻഎല്ലിന്റെ സ്വത്തുക്കളുടെ പട്ടിക കേന്ദ്രത്തിന് നൽകി

By Web TeamFirst Published Jan 5, 2020, 2:10 PM IST
Highlights

മഹാനഗർ ടെലഫോൺ നിഗം ലിമിറ്റഡിനെയും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിനെയും ഒന്നാക്കി, പുനരുദ്ധാരണം നടപ്പിലാക്കാനാണ് മോദി സർക്കാർ പദ്ധതിയിട്ടത്. ചെലവുചുരുക്കലിന്റെ ഭാഗമായി ഇരുകമ്പനികളുടേതുമായി പാതിയോളം ജീവനക്കാർക്ക് വിആർഎസ് എടുത്ത് വിരമിക്കാൻ അവസരം നൽകിയിരുന്നു

ദില്ലി: പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ 14 ആസ്തികൾ നാണ്യവത്കരണത്തിനായി തിരിച്ചറിഞ്ഞു. 20160 കോടിയുടേതാണ് പദ്ധതി. കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റിന് പട്ടിക കൈമാറി.

ആസ്തികളുടെ പട്ടിക കൈമാറിയ കാര്യം ബിഎസ്എൻഎൽ ചെയർമാനും എംഡിയുമായ പികെ പുർവാർ സ്ഥിരീകരിച്ചു. അതേസമയം പട്ടികയിൽ ഉൾപ്പെട്ട ഗാസിയാബാദിലെ 2000 കോടി മൂല്യം വരുന്ന ബിഎസ്എൻഎൽ ഭൂമിയിൽ കേന്ദ്ര സ്കിൽ ഡവലപ്മെന്റ് മന്ത്രാലയം താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

മഹാനഗർ ടെലഫോൺ നിഗം ലിമിറ്റഡിനെയും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിനെയും ഒന്നാക്കി, പുനരുദ്ധാരണം നടപ്പിലാക്കാനാണ് മോദി സർക്കാർ പദ്ധതിയിട്ടത്. ചെലവുചുരുക്കലിന്റെ ഭാഗമായി ഇരുകമ്പനികളുടേതുമായി പാതിയോളം ജീവനക്കാർക്ക് വിആർഎസ് എടുത്ത് വിരമിക്കാൻ അവസരം നൽകിയിരുന്നു.

മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. ഇതോടെ ബിഎസ്എൻഎല്ലിന്റെ ചെലവിന്റെ പാതിയോളവും എംടിഎൻഎല്ലിന്റെ ചെലവിന്റെ 75 ശതമാനവും കുറയും. പദ്ധതിയുടെ അടുത്ത ഘട്ടമായാണ് രണ്ട് കമ്പനികളുടെയും ആസ്തികൾ നാണ്യവത്കരിക്കാൻ നീക്കം നടത്തുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് നടപ്പിലാക്കും. എംടിഎൻഎൽ തുടർച്ചയായ പത്ത് വർഷവും ബിഎസ്എൻഎൽ 2010 മുതലും നഷ്ടത്തിലായതോടെയാണ് കേന്ദ്രം ഇരു കമ്പനികളെയും യോജിപ്പിച്ച് പുനരുദ്ധാരണ നീക്കം സജീവമാക്കിയത്.

click me!