ഇന്ത്യാ പോസ്റ്റ് പേയ്‌മെന്‍റ് ബാങ്കിനുള്ള പദ്ധതി വിഹിതം 2255 കോടി രൂപയായി ഉയർത്തി കേന്ദ്രസർക്കാർ

Published : Apr 27, 2022, 11:15 PM IST
ഇന്ത്യാ പോസ്റ്റ് പേയ്‌മെന്‍റ് ബാങ്കിനുള്ള പദ്ധതി വിഹിതം 2255 കോടി രൂപയായി ഉയർത്തി കേന്ദ്രസർക്കാർ

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്

ദില്ലി: ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ പി പി ബി) സ്ഥാപിക്കുന്നതിനുള്ള പദ്ധതി വിഹിതം 1435 കോടി രൂപയില്‍ നിന്ന് 2255 കോടി രൂപയായി പരിഷ്‌കരിക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കി. നിയമപരമായ ആവശ്യകതകള്‍ നിറവേറ്റുന്നതിനും സാങ്കേതിക നവീകരണത്തിനുമായി 500 കോടി രൂപയുടെ ഫണ്ട് ഭാവിയില്‍ ഐ പി പി ബിക്ക് നൽകാനും തത്വത്തിൽ തീരുമാനിച്ചു.

സാധാരണക്കാര്‍ക്ക് ഏളുപ്പത്തിൽ സമീപിക്കാവുന്നതും വളരെയധികം ആശ്രയിക്കാവുന്നതും വിശ്വസനീയവുമായ ബാങ്ക് നിര്‍മ്മിക്കുക എന്നതാണ് പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ബാങ്കുമായി ബന്ധമില്ലാത്തവരെ ബാങ്കിങിലേക്ക് ആകർഷിക്കുക, വാതില്‍പ്പടി സേവനങ്ങളിലൂടെ സാധാരണക്കാരെ ബാങ്കുമായി ബന്ധിപ്പിക്കുക, ഇതിലൂടെ അവസരച്ചെലവ് കുറക്കാനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന് 2018 സെപ്റ്റംബര്‍ 1-നാണ് രാജ്യവ്യാപകമായി തുടക്കം കുറിച്ചത്. 650 ശാഖകളായിരുന്നു അന്ന് ഐ പി പി ബിക്ക് ഉണ്ടായിരുന്നത്. 1.36 ലക്ഷം തപാല്‍ ഓഫീസുകളെ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് ഐ പി പി ബി പ്രാപ്തമാക്കി. 1.89 ലക്ഷം പോസ്റ്റ്മാന്‍മാരെയും ഗ്രാമിന്‍ ഡാക് സേവകരെയും വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് സ്മാര്‍ട്ട്‌ഫോണും ബയോമെട്രിക് ഉപകരണളോടെ സജ്ജരാക്കുകയും ചെയ്തു.

ഐ പി പി ബി ആരംഭിച്ച ശേഷം 5.25 കോടിയിലധികം അക്കൗണ്ടുകൾ തുറന്നു. മൊത്തം 161811 കോടി രൂപയുടെ 82 കോടി സാമ്പത്തിക ഇടപാടുകളും നടത്തി. ഇതില്‍ 21343 കോടി രൂപയുടെ 765 ലക്ഷം ഇടപാടുകള്‍ ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനത്തിലൂടെ (എ ഇ പി എസ്) ഉള്ളവയുമാണ്. 5 കോടി അക്കൗണ്ടുകളില്‍, 77 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ മേഖലകളിലാണ് ആരംഭിച്ചിരിക്കുന്നത്, ഏകദേശം 1000 കോടി രൂപയുടെ നിക്ഷേപത്തോടെ 48 ശതമാനം സ്ത്രീ ഉപഭോക്താക്കളുമുണ്ട്. ഏകദേശം 40 ലക്ഷം വനിതാ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ഏകദേശം 2500 കോടി രൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റമായി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ - ഡി ബി ടി) ലഭിച്ചിട്ടുമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 7.8 ലക്ഷത്തിലധികം അക്കൗണ്ടുകളും തുറന്നിട്ടുണ്ട്.

വികസനം ലക്ഷ്യമിടുന്ന ജില്ലകളില്‍ ഐ പി പി ബിയില്‍ 95.71 ലക്ഷം അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്. 19487 കോടി രൂപയുടെ മൊത്തം 602 ലക്ഷം ഇടപാടുകളും നടന്നിട്ടുണ്ട്. ഇടതുപക്ഷ തീവ്രവാദ (എല്‍ ഡബ്ല്യു ഇ) ജില്ലകളില്‍, ഐ പി പി ബികളില്‍ 67.20 ലക്ഷം അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഇതിലൂടെ 13460 കോടി രൂപയുടെ 426 ലക്ഷം ഇടപാടുകളും നടന്നിട്ടുണ്ട്. നിര്‍ദ്ദേശത്തിന് കീഴിലുള്ള മൊത്തം സാമ്പത്തിക ചെലവ് 820 കോടി രൂപയാണ്. തപാല്‍ വകുപ്പിന്റെ ശൃംഖല പ്രയോജനപ്പെടുത്തി ഇന്ത്യയിലുടനീളം ആളുകളെ ബാങ്കിങ് രംഗത്തേക്ക് ആകർഷിക്കുന്നതിന് ഐ പി പി ബിക്ക് ഈ ധനം സഹായമേകും.

PREV
Read more Articles on
click me!

Recommended Stories

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
ബേബി പൗഡർ ഉപയോ​ഗിച്ചിട്ട് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി