Latest Videos

കൊവിഡില്‍ 'തളര്‍ന്ന' വിവിധ മേഖലകളെ കരകയറ്റാന്‍ ജിഎസ്ടി ഇളവുകള്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Apr 27, 2020, 11:56 AM IST
Highlights

പ്രതിസന്ധി കൂടുതല്‍ ബാധിച്ചിട്ടുള്ള റസ്റ്റോറന്റുകള്‍, വ്യോമയാന മേഖല, ഹോസ്പിറ്റാലിറ്റി രംഗം എന്നിവടങ്ങളില്‍ ആറ് മാസം ജിഎസ് ടി ഇളവ് നല്‍കുന്ന കാര്യമാണ് ആലോചിക്കുന്നത്.

ദില്ലി: കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ വിവിധ മേഖലകളെ സഹായിക്കാന്‍ ജിഎസ്ടി യില്‍ വലിയ ഇളവുകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ചില മേഖലകളില്‍ ആറ് മാസത്തേക്ക് ജിഎസ്ടി ഇളവ് നല്‍കാനാണ് ആലോചന. അന്തിമ തീരുമാനം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാകും ഉണ്ടാവുക.

കൊവിഡും ലോക്ക് ഡൗണും മൂലം ഗുരുതര പ്രതിസന്ധിയിലാണ് രാജ്യത്തെ വാണിജ്യ മേഖല. മിക്ക രംഗങ്ങളിലും വരുമാനം ഏറെക്കുറെ പൂര്‍ണ്ണമായും ഇല്ലാതായി. ഇവര്‍ക്കായുള്ള സഹായമെന്ന നിലയിലാണ് ജിഎസ് ടി ഇളവുകള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. പ്രതിസന്ധി കൂടുതല്‍ ബാധിച്ചിട്ടുള്ള റസ്റ്റോറന്റുകള്‍, വ്യോമയാന മേഖല, ഹോസ്പിറ്റാലിറ്റി രംഗം എന്നിവടങ്ങളില്‍ ആറ് മാസം ജിഎസ് ടി ഇളവ് നല്‍കുന്ന കാര്യമാണ് ആലോചിക്കുന്നത്.

സേവന മേഖലയില്‍ കൂടുതല്‍ ഇളവ് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. ഒപ്പം മറ്റ് മേഖലകളില്‍ ജിഎസ് ടി മുന്‍കൂര്‍ ഈടാക്കുന്ന രീതിക്കും മാറ്റം വരുത്താനും ആലോചിക്കുന്നു. റിയല്‍എസ്റ്റേറ്റ് മേഖലയില്‍ ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് കുറക്കണമെന്ന നിര്‍ദ്ദേശവും പരിഗണനയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ് ടി കൗണ്‍സിലാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേരാനാണ് ഇപ്പോഴത്തെ ആലോചന.

click me!