കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രം; ക്ഷാമബത്തയിൽ 3 ശതമാനത്തിന്റെ വർധനവ്

Published : Oct 29, 2026, 12:40 PM IST
indian currency

Synopsis

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ ആകെ ക്ഷാമബത്ത 63 ശതമാനമായി ഉയരും. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കുടിശ്ശിക നവംബറിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്നതാണ്.

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡി.എ/ ഡി.ആര്‍) 3 ശതമാനം കൂടി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 2026 ജൂലൈ മുതലുള്ള കുടിശ്ശിക മുതലാണ് വര്‍ധനവ് നടപ്പിലാക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ ആകെ ക്ഷാമബത്ത നിലവിലെ 60 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി ഉയരും. ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഒക്ടോബര്‍ 28 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള നാല് മാസത്തെ കുടിശ്ശിക തുക നവംബറിലെ ശമ്പളത്തോടൊപ്പം ജീവനക്കാര്‍ക്ക് ലഭിക്കും.

ഈ തീരുമാനം വഴി സര്‍ക്കാര്‍ ഖജനാവിന് പ്രതിവര്‍ഷം 10,016.10 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. ഏകദേശം 48.54 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.71 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമുള്ള ഫോര്‍മുല അടിസ്ഥാനമാക്കിയാണ് ഈ വര്‍ധനവ്.

അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ (AICPI-IW) 12 മാസത്തെ ശരാശരി കണക്കാക്കിയാണ് ഡി.എ പരിഷ്കരിക്കുന്നത്. പുതിയ മാറ്റത്തോടെ ജീവനക്കാരുടെ പ്രതിമാസ വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാകും. ഉദാഹരണത്തിന്, അടിസ്ഥാന ശമ്പളം 18,000 രൂപയുള്ള ഒരു ജീവനക്കാരന് പ്രതിമാസം 540 രൂപയുടെ അധിക നേട്ടമുണ്ടാകുമ്പോള്‍, 29,200 രൂപ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് പ്രതിമാസം 876 രൂപയുടെ വര്‍ധനവാണ് ലഭിക്കുക.

PREV
Read more Articles on
click me!

Recommended Stories

ഓഹരി വിപണി നിരീക്ഷിക്കാൻ ഇന്ത്യയുടെ സ്വന്തം എഐ; പുതിയ നീക്കവുമായി സെബി
സൈബര്‍ ആക്രമണം: ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 300 കോടി രൂപ നഷ്ടമായതായി റിപ്പോര്‍ട്ട്