രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ (NBFC) ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പുകളിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ 300 കോടി രൂപ നഷ്ടപ്പെട്ടതായി കണക്കുകൾ. ചെറുകിട വായ്പാ സ്ഥാപനങ്ങളുടെ സുരക്ഷാ വീഴ്ചകൾ മുതലെടുത്താണ് തട്ടിപ്പുകാർ പണം അപഹരിക്കുന്നത്. സംഭവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന സൈബര്‍ തട്ടിപ്പുകളിലൂടെ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഏകദേശം 300 കോടി രൂപ തട്ടിയെടുക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ചെറുകിട വായ്പാ സ്ഥാപനങ്ങളെയാണ് പ്രധാനമായും തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ഓളം പരാതികളും എഫ്ഐആറുകളും രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.
കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ചില എന്‍ബിഎഫ്സികള്‍ ഒന്നിലധികം തവണ ആക്രമണത്തിനിരയായി. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിന് ആദ്യ ആക്രമണത്തില്‍ 7.5 കോടി രൂപ നഷ്ടപ്പെട്ടതായും ദിവസങ്ങള്‍ക്ക് ശേഷം നടന്ന മറ്റൊരു തട്ടിപ്പിൽ 7.25 കോടി രൂപ കൂടി നഷ്ടമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ഷിക ഇടപാടുകള്‍ ഏകദേശം 1,000 കോടി രൂപയോ അതില്‍ താഴെയോ ഉള്ള ചെറുകിട എന്ബിഎഫ്സികളെയാണ് തട്ടിപ്പുകൾ കൂടുതലായി ബാധിച്ചത്. ഇവയുടെ സൈബര്‍ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. പരാതികളില്‍ ഏകദേശം 30 എണ്ണം മുംബൈയിലും 25-ലധികം ഡല്‍ഹിയിലും 15 മുതല്‍ 16 വരെ ചെന്നൈയിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റു നഗരങ്ങളില്‍നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ട്.
പണം തട്ടിയെടുക്കുന്നത് എങ്ങനെ?
ആക്രമണം നടത്തുന്നതിനു മുന്‍പ് ലക്ഷ്യമിടുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പണമിടപാട് സംവിധാനങ്ങളെക്കുറിച്ച് വിശദമായി പഠിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണയായി 10 മുതല്‍ 12 ദിവസം വരെ സ്ഥാപനങ്ങളുടെ പണമിടപാട് നടപടിക്രമങ്ങള്‍, അംഗീകൃത സിസ്റ്റം ഐഡന്റിഫയറുകള്‍, സോഫ്റ്റ്വെയറുകളിലെ സുരക്ഷാ വീഴ്ചകള്‍ എന്നിവ പരിശോധിക്കും. തുടര്‍ന്ന് ഈ ദൗര്‍ബല്യങ്ങള്‍ പ്രയോജനപ്പെടുത്തി പണം മറ്റിടങ്ങളിലേക്ക് മാറ്റാനാണ് ശ്രമം.
പൂര്‍ത്തിയായ ചില അന്വേഷണങ്ങളില്‍ സൈബര്സ്ട്രൈക്ക് എന്ന ഹാക്കിങ് പ്ലാറ്റ്ഫോമിന്റെ ഉപയോഗം കണ്ടെത്തിയിട്ടുണ്ട്. മറ്റു സംഭവങ്ങളില്‍ അന്വേഷണം തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങളുടെ പണമിടപാട് സംവിധാനങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് രാജ്യത്തെ സൈബര്‍ സുരക്ഷാ ഏജന്‍സികളും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണങ്ങള്‍ സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെ, ബാധിക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങള്‍ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ നിര്‍ദേശിച്ചതായും ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.






