
ദില്ലി: ഇന്ധന വില നൂറ് കടന്ന് പോയിട്ട് ദിവസങ്ങളേറെയായി. കൂടിയ വേഗതയെ നാണിപ്പിക്കും വിധം രണ്ട് ദിവസം നിസാര തുക മാത്രം കുറഞ്ഞതൊഴിച്ചാൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാലിതാ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറയുന്നത്. ആഗോള തലത്തിൽ എണ്ണവില പതിയെ കുറയുന്നുണ്ടെന്നും വരും മാസങ്ങളിൽ വില കുറയുമെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന വിലയിലെ എക്സൈസ് നികുതിയിൽ നിന്ന് കിട്ടുന്ന പണം ക്ഷേമപദ്ധതികൾക്കാണ് വിനിയോഗിക്കുന്നതെന്ന ന്യായീകരണവും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം നൽകി. 80 കോടി ജനങ്ങൾക്ക് കേന്ദ്ര സർക്കാർ സൗജന്യറേഷൻ നൽകുന്നുണ്ട്, സൗജന്യ വാക്സീൻ നൽകുന്നുണ്ട്, മറ്റെല്ലാ സൗകര്യവും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് എക്സൈസ് നികുതി അതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര വിലയിൽ വർധനവുണ്ടായിട്ടും കേന്ദ്ര സർക്കാർ എക്സൈസ് നികുതി ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴും 32 രൂപ മാത്രമാണ് സർക്കാർ ഈടാക്കുന്നത്. 2010 ൽ യുപിഎ ഭരിച്ചിരുന്ന കാലം മുതൽ അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കിയാണ് ഇന്ധനവില നിശ്ചയിക്കുന്നത്. കേന്ദ്രസർക്കാർ ഈടാക്കുന്ന എക്സൈസ് നികുതിക്ക് പുറമെ സംസ്ഥാനങ്ങൾ വാറ്റ് ഈടാക്കുന്നുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.