'പായ്ക്ക് ചെയ്ത് ലേബലോടെ വിൽക്കുന്ന എല്ലാത്തിനും നികുതി'; ജിഎസ്‍ടിയിൽ വിശദീകരണ കുറിപ്പിറക്കി കേന്ദ്രം 

By Web TeamFirst Published Jul 18, 2022, 4:22 PM IST
Highlights

25 കിലോയിൽ കുറഞ്ഞ പാക്കറ്റുകളിൽ ലേബൽ ചെയ്ത് വിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്കാണ് ജിഎസ്‍ടി ഏർപ്പെടുത്തിയതെന്ന് വിശദീകരണം

ദില്ലി: പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങൾക്ക് 5 ശതമാനം ജിഎസ്‍ടി ഏർപ്പെടുത്തിയ ഉത്തരവിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ.  ഇരുപത്തിയഞ്ച് കിലോയിൽ കുറഞ്ഞ പാക്കറ്റുകളിൽ ലേബൽ ചെയ്ത് വിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്കാണ് ജിഎസ്‍ടി ഏർപ്പെടുത്തിയതെന്നാണ് വിശദീകരണം. അരിക്കും ഗോതമ്പിനും പയറുവർഗ്ഗങ്ങൾക്കും നികുതി ബാധകമാണ്. എന്നാൽ 25 കിലോയിൽ കൂടിയ പാക്കറ്റുകൾക്ക് നികുതി ഉണ്ടാവില്ല. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് മാത്രം നികുതി എന്ന സമ്പ്രദായമാണ് ഒഴിവാക്കിയത് എന്നും കേന്ദ്രം വ്യക്തമാക്കി.

പായ്ക്ക് ചെയ്ത് ലേബലോടെ വിൽക്കുന്ന എല്ലാത്തിനും നികുതി ഉണ്ടാകും. അളവുതൂക്ക നിയമത്തിന്റെ പരിധിയിൽ വരുന്ന പാക്കറ്റുകൾക്കെല്ലാം ജിഎസ്‍ടി ഈടാക്കും. അരിമില്ലുകളും 25 കിലോയിൽ താഴെയുള്ള പാക്കറ്റുകൾക്ക് നികുതി നൽകണം. അതേസമയം ചില്ലറ വിൽപ്പന ശാലകളിൽ പാക്കറ്റ് പൊട്ടിച്ച് വിറ്റാൽ നികുതി ഉണ്ടാവില്ലെന്ന്  കേന്ദ്രം വ്യക്തമാക്കി. 

 

tags
click me!