പുതിയ മോട്ടോർ വാഹന നിയമം: സർക്കാർ 577 കോടി പിഴ ചുമത്തി; പണി കിട്ടിയത് 38 ലക്ഷം പേർക്ക്

By Web TeamFirst Published Nov 22, 2019, 12:41 AM IST
Highlights

രാജ്യത്തെ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 38,39,406 പേരാണ് ട്രാഫിക് നിയമങ്ങൾ തെറ്റിച്ചത്. 5,77,51,79,895 കോടിയാണ് പിഴ ചുമത്തിയിരിക്കുന്നത്

ദില്ലി: പുതിയ മോട്ടോർ വാഹന നിയമ പ്രകാരം രാജ്യത്ത് 38 ലക്ഷം പേർക്ക് പിഴ ചുമത്തിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഈ ഇനത്തിൽ സർക്കാരിന് കിട്ടാനുള്ളത് 577.5 കോടിയാണ്. എന്നാൽ ഈ കേസുകളെല്ലാം കോടതിയിലാണെന്നും കേന്ദ്രമന്ത്രി ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി. രാജ്യത്തെ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 38,39,406 പേരാണ് ട്രാഫിക് നിയമങ്ങൾ തെറ്റിച്ചത്.

5,77,51,79,895 കോടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. ചണ്ഡീഗഡ്, പോണ്ടിച്ചേരി, അസം, ഛത്തീസ്‌ഗഡ്,
ഉത്തർപ്രദേശ്, ഒഡിഷ, ദില്ലി, രാജസ്ഥാൻ, ബിഹാർ, ദാദ്ര നഗർ ഹവേലി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളതാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.

തമിഴ്‌നാട്ടിൽ 14,13,996 പേർക്കാണ് പിഴ ചുമത്തിയത്. ഗോവയിൽ വെറും 58 പേരാണ് നിയമം തെറ്റിച്ച് പിടിയിലായത്. സെപ്തംബർ ഒന്നിന് നിലവിൽ വന്ന ട്രാഫിക് നിയമത്തിലെ നിബന്ധനകൾക്കെതിരെ ശക്തമായ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. തുടർന്ന് കേരളമടക്കം ചില സംസ്ഥാനങ്ങൾ പുതിയ മോട്ടോർ വാഹന നിയമത്തിലെ പിഴ, സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അധികാരമുപയോഗിച്ച് കുറച്ചിട്ടുണ്ട്.

click me!