വ്യാപാര തർക്കത്തിന് അറുതി: അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന കുറച്ചു

By Web TeamFirst Published Dec 15, 2019, 12:40 PM IST
Highlights

ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിൽ 21 മാസമായി നിലനിന്നിരുന്ന വ്യാപാര തർക്കത്തിനാണ് അറുതിയാവുന്നത്. എന്നാൽ ഇത് സംബന്ധിച്ച കരാർ ഇതുവരെ ഒപ്പിട്ടിട്ടില്ല

ബെയ്‍ജിംഗ്: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ ചൈന കുറച്ചു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഇതോടെ ആഗോള തലത്തിൽ തന്നെ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച വ്യാപാര തർക്കത്തിന് അറുതിയാവും എന്നാണ് കരുതുന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉൽപ്പന്നങ്ങൾക്ക് പത്ത് ശതമാനവും അഞ്ച് ശതമാനവും ഇറക്കുമതി തീരുവയാണ് ഏർപ്പെടുത്തിയിരുന്നത്.

ഇത് പുതിയ വ്യാപാര കരാറിന്റെ ഒന്നാം ഘട്ടമായി ഒഴിവാക്കാനാണ് തീരുമാനം. ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിൽ 21 മാസമായി നിലനിന്നിരുന്ന വ്യാപാര തർക്കത്തിനാണ് അറുതിയാവുന്നത്. എന്നാൽ ഇത് സംബന്ധിച്ച കരാർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അമേരിക്കയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ചൈനയിൽ നിന്നുള്ള ഇലക്ട്രോണിക്, വസ്ത്ര ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

അമേരിക്കയിൽ നിന്നുള്ള വാഹനങ്ങൾക്കും സ്പെയർപാർട്സിനും യഥാക്രമം 25 ഉം അഞ്ചും ശതമാനം നികുതി ചുമത്തിയാണ് ചൈന മറുപടി നൽകിയത്. ഇത് ഈ വർഷം ആദ്യം പിൻവലിച്ചിരുന്നു.

click me!